അതീവ ആശങ്ക, വെനസ്വേലയിലെ ജനങ്ങൾക്ക് പിന്തുണ അറിയിച്ച് ഇന്ത്യ

സമാധാനവും മേഖലയുടെ സ്ഥിരതയും ഉറപ്പാക്കാൻ എല്ലാ കക്ഷികളും സംഭാഷണത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ഇന്ത്യ അഭ്യർത്ഥിച്ചു

Jan 4, 2026 - 21:15
Jan 4, 2026 - 21:15
 0
അതീവ ആശങ്ക, വെനസ്വേലയിലെ ജനങ്ങൾക്ക് പിന്തുണ അറിയിച്ച് ഇന്ത്യ

ന്യൂഡൽഹി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎ.സ് സ്‌പെഷ്യൽ ഫോഴ്‌സ് പിടികൂടിയതിനെത്തുടർന്നുണ്ടായ നാടകീയ നീക്കങ്ങളിൽ പ്രതികരണവുമായി ഇന്ത്യ. വെനസ്വേലയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം അതീവ ആശങ്കയോടെ നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

സമാധാനവും മേഖലയുടെ സ്ഥിരതയും ഉറപ്പാക്കാൻ എല്ലാ കക്ഷികളും സംഭാഷണത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ഇന്ത്യ അഭ്യർത്ഥിച്ചു. വെനസ്വേലൻ ജനതയുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും ഇന്ത്യയുടെ പിന്തുണ മന്ത്രാലയം അറിയിച്ചു. കരാക്കസിലെ ഇന്ത്യൻ എംബസി അവിടുത്തെ ഇന്ത്യൻ പൗരന്മാരുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും ആവശ്യമായ സഹായങ്ങൾ നൽകുന്നുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.

മാസങ്ങൾ നീണ്ട ഭീഷണികൾക്കൊടുവിൽ ശനിയാഴ്ചയാണ് യു.എസ് സൈന്യത്തിലെ 'ഡെൽറ്റ ഫോഴ്‌സ്' കരാക്കസിൽ വ്യോമാക്രമണം നടത്തി മഡുറോയെയും ഭാര്യ സിലിയ ഫ്‌ളോർസിനെയും തടവിലാക്കിയത്. മഡുറോയെ പിടികൂടി നാടുകടത്തിയ വിവരം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിച്ചു.

യു.എസിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘങ്ങളെ മഡുറോ സഹായിക്കുന്നു എന്നാരോപിച്ചാണ് ഈ സൈനിക നടപടി. ഇതോടെ 12 വർഷം നീണ്ടുനിന്ന മഡുറോ ഭരണത്തിന് വെനസ്വേലയിൽ അന്ത്യമായിരിക്കുകയാണ്. മഡുറോയെ പിടികൂടാൻ സഹായിക്കുന്നവർക്ക് അഞ്ചുകോടി ഡോളർ യു.എസ് നേരത്തെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. മേഖലയിൽ കൂടുതൽ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ അന്താരാഷ്ട്ര സമൂഹം ജാഗ്രതയോടെയാണ് ഈ നീക്കത്തെ നോക്കിക്കാണുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow