അതുല്യയുടെ മരണം; ഭര്‍ത്താവ് സതീഷിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു
ദുബായിലെ സ്വകാര്യ കമ്പനിയിൽ സൈറ്റ് എൻജിനീയറായ സതീഷിനെ പിരിച്ചുവിട്ടെന്ന് കമ്പനി അറിയിക്കുകയായിരുന്നു

ദുബായ്: ഷാർജയിലെ ഫ്ലാറ്റിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ മലയാളി യുവതി അതുല്യയുടെ ഭർത്താവ് സതീഷ് ശങ്കറിനെ ജോലിയിൽനിന്നു പിരിച്ചുവിട്ടു. സതീഷിന്റെ പീഡനം മൂലമാണ് അതുല്യ ആത്മഹത്യ ചെയ്തതെന്നു ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. ദുബായിലെ സ്വകാര്യ കമ്പനിയിൽ സൈറ്റ് എൻജിനീയറായ സതീഷിനെ പിരിച്ചുവിട്ടെന്ന് കമ്പനി അറിയിക്കുകയായിരുന്നു.
സതീഷ് ഉപദ്രവിക്കുന്നതിന്റെയും അസഭ്യം പറയുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ അതുല്യ ബന്ധുക്കൾക്ക് അയച്ചുകൊടുത്തിരുന്നു. ഈ വീഡിയോയുടെയും കുടുംബാംഗങ്ങളുടെ പരാതിയുടെയും അടിസ്ഥാനത്തിലാണ് സതീഷിനെ പിരിച്ചുവിട്ടതെന്നു കമ്പനി പറഞ്ഞു. ഒരു വർഷം മുൻപാണ് ഇയാൾ ഇവിടെ ജോലിക്കു ചേർന്നത്.
അതേസമയം, അതുല്യയുടെ കുടുംബത്തിന്റെ പരാതിയിൽ സതീഷിനെതിരെ ചവറ തെക്കുംഭാഗം പോലീസ് കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. കൊലപാതകക്കുറ്റത്തിനു പുറമേ സ്ത്രീധന പീഡനം, കൈ കൊണ്ടും ആയുധം കൊണ്ടും ശരീരത്തിൽ മാരകമായി പരുക്കേൽപ്പിക്കൽ തുടങ്ങിയ ആറിലധികം വകുപ്പുകളും സതീഷിനെതിരെ ചുമത്തിയിട്ടുണ്ട്. ഷാർജ പോലീസിലും പരാതി നൽകുമെന്ന് അതുല്യയുടെ ബന്ധുക്കൾ അറിയിച്ചിട്ടുണ്ട്.
What's Your Reaction?






