സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ.രാഗേഷ്; പേര് നിര്‍ദേശിച്ചത് മുഖ്യമന്ത്രി

എം.പ്രകാശനും ടി.വി.രാജേഷുമാണ് പരിഗണനയിലുണ്ടായിരുന്നവര്‍.

Apr 15, 2025 - 12:46
Apr 15, 2025 - 12:47
 0  12
സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ.രാഗേഷ്; പേര് നിര്‍ദേശിച്ചത് മുഖ്യമന്ത്രി

കണ്ണൂർ: സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ.രാഗേഷിനെ തെരഞ്ഞെടുത്തു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, സിപിഎം സംസ്ഥാന സമിതി അംഗം, മുൻ രാജ്യസഭ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 

മുഖ്യമന്ത്രി പിണറായി വിജയനാണ് കെ.കെ.രാഗേഷിന്റെ പേര് നിർദേശിക്കുകയും സംസ്ഥാന കമ്മിറ്റി തീരുമാനമെടുക്കുകയുമായിരുന്നു. എം.പ്രകാശനും ടി.വി.രാജേഷുമാണ് പരിഗണനയിലുണ്ടായിരുന്നവര്‍. ഒടുവിൽ കെ.കെ.രാഗേഷിനെ തെരഞ്ഞെടുക്കുകയായിരുന്നു.

1970 മേയ് 13ന് കണ്ണൂർ ജില്ലയിലെ കാഞ്ഞിരോട്ട് സി. ശ്രീധരന്റെയും കർഷക തൊഴിലാളിയായ കെ.കെ.യശോദയുടെയും മകനായിട്ടാണ് രാഗേഷിന്റെ ജനനം. ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നിയമ ബിരുദവും നേടിയിട്ടുണ്ട്. എസ്എഫ്ഐയിലൂടെ വിദ്യാർഥി രാഷ്ട്രീയത്തിലേക്ക്. എസ്എഫ്ഐയുടെ ജില്ലാ പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ച് സംസ്ഥാന നേതൃത്വത്തിലേക്കും തുടർന്ന് അഖിലേന്ത്യാ നേതൃത്വത്തിലേക്കും ഉയർന്നു. എസ്എഫ്ഐയുടെ അഖിലേന്ത്യ ജനറൽ സെക്രട്ടറിയായ ആദ്യ മലയാളിയായിരുന്നു കെ.കെ.രാഗേഷ്. 

2015ൽ കേരളത്തിൽനിന്നു രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2020 സെപ്റ്റംബർ 21ന് കെ.കെ.രാഗേഷ് ഉൾപ്പെടെ എട്ട് അംഗങ്ങളെ ചെയർമാൻ രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു. 2021 മേയിൽ രണ്ടാം പിണറായി വിജയൻ സ‍ർക്കാർ അധികാരത്തിൽ എത്തിയതിനു പിന്നാലെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. നിലവിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കർഷക സംഘം നേതാവുമാണ് കെ.കെ.രാഗേഷ്. കണ്ണൂർ സർവകലാശാല അസോഷിയേറ്റ് പ്രഫസർ പ്രിയ വർഗീസ് ആണ് ഭാര്യ.

What's Your Reaction?

like

dislike

love

funny

angry

sad

wow