ലഖ്നൗ: ഭരണഘടനാ ശില്പി ബി ആർ അംബേദ്കറെ കോൺഗ്രസ് അനാദരിച്ചുവെന്ന ആരോപണവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്. ഇന്ത്യൻ ഭരണഘടനാ ശില്പിയുടെ സ്‌മാരകം കോൺഗ്രസ് നിഷേധിച്ചുവെന്നും അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ രാജ്യ തലസ്ഥാനത്ത് നടത്താൻ അനുവദിച്ചില്ലെന്നും ആദിത്യനാഥ് ആരോപിച്ചു. ലഖ്‌നൗവിൽ നടന്ന അംബേദ്കർ സ്‌മാരക പരിപാടിയിലാണ് ആദിത്യനാഥിന്റെ പരാമർശം.
"ആദ്യം അവർ ബാബാസാഹേബ് അംബേദ്കറെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തി. അദ്ദേഹത്തിന്റെ മഹാപരിനിർവാണത്തിനുശേഷം, അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ ഡൽഹിയിൽ നടത്താൻ അവർ അനുവദിച്ചില്ല. കൂടാതെ സ്‌മാരകം സ്ഥാപിക്കാനും കോൺഗ്രസ് അനുവദിച്ചില്ല' ആദിത്യനാഥ് പറഞ്ഞു.
1956 ഡിസംബർ ആറിന് ഡൽഹിയിലെ വീട്ടിൽ വച്ച് അന്തരിച്ച ഡോ. അംബേദ്ക്കറുടെ അന്ത്യകർമങ്ങൾ ബുദ്ധമത പാരമ്പര്യങ്ങൾ അനുസരിച്ചായിരുന്നു. മുംബൈയിലെ ചൈത്യഭൂമിയിലാണ് അദ്ദേഹത്തിന്റെ സംസ്‌കാരം നടന്നത്. അംബേദ്ക്കറെയും പാകിസ്ഥാൻ രൂപീകരണത്തെ പിന്തുണച്ചെങ്കിലും പിന്നീട് നിരാശനായി രാജ്യം വിട്ടുപോയ ഒരു ദളിത് നേതാവായ ജോഗേന്ദ്ര നാഥ് മണ്ഡലിനെയും താരതമ്യം ചെയ്‌തുകൊണ്ടാണ് ആദിത്യനാഥ് സംസാരിച്ചത്.
മുൻ ഉത്തർപ്രദേശ് ഡിജിപിയും രാജ്യസഭാ എംപിയുമായ ബ്രിജ്‌ലാൽ രചിച്ച ഒരു പുസ്‌തകം ഉദ്ധരിച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ താരതമ്യം. അതേസമയം, ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ പീഡനങ്ങളിൽ മൗനം പാലിക്കുന്നതിൽ കോൺഗ്രസിനും സമാജ്‌വാദി പാർട്ടിക്കും എതിരെ രൂക്ഷ വിമർശനവും ആദിത്യനാഥ് നടത്തി.