ക്രിസ്തുമതാചാരത്തിന് ഡല്‍ഹിയില്‍ വിലക്ക്; കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ചു

ഞെട്ടിക്കുന്നതെന്ന് അതിരൂപത 

Apr 13, 2025 - 18:31
Apr 13, 2025 - 18:31
 0  10
ക്രിസ്തുമതാചാരത്തിന് ഡല്‍ഹിയില്‍ വിലക്ക്; കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ചു

ന്യൂഡ‍ല്‍ഹി: മുസ്ലിം വേട്ട വഖഫ് ഭേദഗതി ബില്ലോടെ നിയമവിധേയമാക്കിയ മോഡി സര്‍ക്കാര്‍ ക്രിസ്തുമത വിശ്വാസികള്‍ക്കെതിരെയുള്ള വേട്ടയും ശക്തമാക്കി. ഓശാന ഞായര്‍ ദിനത്തിലെ കുരിശിന്റെ വഴി പ്രദക്ഷിണത്തിന് അമിത്ഷായുടെ കീഴിലുള്ള ‍ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചു. 

ഡല്‍ഹി ലത്തീന്‍ അതിരൂപത എല്ലാവര്‍ഷവും നടത്തിയിരുന്ന പ്രദക്ഷിണത്തിനാണ് സുരക്ഷാ കാരണങ്ങള്‍ നിരത്തി പൊലീസ് അനുമതി നിഷേധിച്ചത്. വര്‍ഷങ്ങളായി ഓശാന ഞായര്‍ ദിനം ഡല്‍ഹിയിലെ തിരുഹൃദയ പള്ളിയിലേക്ക് ഓള്‍ഡ് ഡല്‍ഹി സെന്റ് മേരീസ് പള്ളിയില്‍ നിന്ന് നടത്തിയിരുന്ന കുരിശിന്റെ വഴി പദയാത്രയാണ് തടഞ്ഞത്. പൊലീസ് നടപടി ഞെട്ടിക്കുന്നതും നീതിരഹിതവുമാണെന്ന് ദി കാത്തലിക് അസോസിയേഷന്‍ ഓഫ് ദി ആര്‍ച്ച് ഡയോസസ് ഓഫ് ഡല്‍ഹി (സിഎഎഡി)  വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു. ക്രമസമാധാന പ്രശ്നവും ഗതാഗതം സ്തംഭംനം ഉണ്ടാകുമെന്നാണ് പൊലീസ് അറിയിച്ചത്. പൊലീസ് തീരുമാനം അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്.

മറ്റ് മതസ്ഥരും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇല്ലാത്ത നിരോധനമാണ് പൊലീസ് ലാത്തീന്‍ അതിരൂപതയുടെ കുരിശിന്റെ വഴിക്ക് ഏര്‍പ്പെടുത്തിയതെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പ്രതികരിച്ചു. രാജ്യത്തെ ക്രിസ്ത്യന്‍ സമുദായാംഗങ്ങള്‍ ഭരണഘടന ഉറപ്പ് നല്‍ക്കുന്ന മതസ്വാതന്ത്ര്യം എല്ലാവര്‍ക്കും തുല്യമാണോ എന്ന സന്ദേഹത്തിലാണെന്നും സിഎഎഡി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. വര്‍ഷങ്ങളായി സമാധാനപരമായി നടത്തി വന്നിരുന്ന കുരിശിന്റെ വഴി പ്രദക്ഷിണത്തിനാണ് അകാരണമായി അനുമതി നിഷേധിച്ചിരിക്കുന്നത്.

അധികാരികളുടെ സഹകരണത്തോടെ ആര്‍ക്കും ബുദ്ധിമുട്ടും ഗതാഗത സ്തംഭനവും സൃഷ്ടിക്കാതെ നടത്തി വന്നിരുന്ന മതാഘോഷത്തിനാണ് വ്യക്തമായ കാരണം ചൂണ്ടിക്കാടതെ അനുമതി നിഷേധിച്ചിരിക്കുന്നത്. നിയമം പാലിക്കുകയും സമാധന ജീവിതം നയിക്കുകയും ചെയ്യുന്ന രാജ്യത്തെ മുഴുവന്‍ ക്രൈസ്തവരെയും ആശങ്കയിലാഴ്ത്തുന്ന തീരുമാനമാണ് പുറത്ത് വന്നിരിക്കുന്നതെന്നും സംഘടന പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി രേഖ ഗുപ്ത രാമനവമി ആഘോഷത്തിന്റെ ഭാഗമായി ഖയാല ഏരിയായില്‍ സംഘടിപ്പിച്ച ശോഭായാത്രയില്‍ പങ്കെടുത്തിരുന്നു. ഡല്‍ഹിയിലെ എല്ലാ ചുവരുകള്‍ക്കും കാവി പെയിന്റ് അടിക്കുന്നത് വഴി സംസ്ഥാനം പുരോഗതിയിലേക്ക് നീങ്ങുന്നതായി ജനങ്ങള്‍ക്ക് ബോധ്യപ്പെടുമെന്നും അവര്‍ ശോഭാ യാത്രയില്‍ പ്രസംഗിച്ചിരുന്നു. തൊട്ടു പിന്നാലെയാണ് കുരിശിന്റെ വഴി പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച് പൊലീസ് രംഗത്ത് വന്നത്. മുസ്ലിം ന്യൂനപക്ഷം നേരിടുന്ന അതിക്രമം ദിനം പ്രതി വര്‍ധിച്ചു വരുന്നതിനിടയിലാണ് ബിജെപി സര്‍ക്കാര്‍ മറ്റ് ന്യൂനപക്ഷ സമുദായങ്ങളുടെയും അവകാശം കവര്‍ന്നെടുക്കാന്‍ നീക്കം ആരംഭിച്ചിരിക്കുന്നത്. വിവാദ വഖഫ് ഭേദഗതി നിയമം പാസാക്കിയതിന് പിന്നാലെ സിഖ് സമുദായ സംഘടനകളും ഗുരുദ്വാര ആക്ട് ഭേദഗതി ചെയ്യുമോ എന്ന ആശങ്ക ഉന്നയിച്ചിരുന്നു. 

What's Your Reaction?

like

dislike

love

funny

angry

sad

wow