താൻ പറഞ്ഞത് യാഥാർത്ഥ്യം; പ്രസ്താവന വളച്ചൊടിച്ചുവെന്ന് മന്ത്രി സജി ചെറിയാൻ

മുസ്ലിം മേഖലയിൽ ​ലീ​ഗും ഹിന്ദു മേഖലയിൽ ബിജെപിയും നയിക്കുന്നു

Jan 19, 2026 - 12:31
Jan 19, 2026 - 12:31
 0
താൻ പറഞ്ഞത് യാഥാർത്ഥ്യം; പ്രസ്താവന വളച്ചൊടിച്ചുവെന്ന് മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: വിവാദ പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. പ്രസ്താവന വളച്ചൊടിച്ചെന്ന് ആരോപിച്ച മന്ത്രി അതിന്റെ പേരിൽ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമമെന്നും പറഞ്ഞു. മാത്രമല്ല താൻ പ്രത്യേക മത വിഭാഗത്തിന് എതിരെയല്ലെന്നും മന്ത്രി പറഞ്ഞു.
 
കാസർകോട്ടും മലപ്പുറത്തും ജയിച്ചവരെ നോക്കിയാൽ വർഗീയ ധ്രുവീകരണം അറിയാമെന്ന പരാമർശത്തിലാണ് മന്ത്രിയുടെ വിശദീകരണം. താൻ പറഞ്ഞത് യാഥാർത്ഥ്യമാണ്. മുസ്ലിം മേഖലയിൽ ​ലീ​ഗും ഹിന്ദു മേഖലയിൽ ബിജെപിയും നയിക്കുന്നു. ഈ സാഹചര്യം ഉണ്ടാകരുതെന്നാണ് താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
 
ലീഗ് ജയിച്ചത് വർഗീയ ശക്തികളുടെ വോട്ടുകൾ കൊണ്ടാണോ എന്ന ചോദ്യത്തിനായിരുന്നു സജി ചെറിയാൻ ക്ഷുഭിതനായാണ് പ്രതികരിച്ചത്. തൻ്റെ വാക്കുകൾ തെറ്റിദ്ധരിപ്പിച്ച് വാർത്ത നൽകി. ഭൂരിപക്ഷ വർഗീയതയെ എതിർത്ത് ന്യൂനപക്ഷ വർഗീയതയെ ശക്തിപ്പെടുത്തുന്നുവെന്ന് മന്ത്രി കുറ്റപ്പെടുത്തി.
 
ആർഎസ്എസ് ഉയർത്തുന്ന വർഗീയത പ്രതിരോധിക്കേണ്ടതുണ്ട്. ആർഎസ്എസുകാർ ഉയർത്തുന്ന വർഗീയതയെ ന്യൂനപക്ഷ വർഗീയത കൊണ്ട് നേരിടാൻ കഴിയില്ല. അതിന് കേരളത്തിലെ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തണമെന്നും സജി ചെറിയാൻ പറഞ്ഞു.
 
കാസർകോട് മുനിസിപ്പാലിറ്റിയിൽ 39 സീറ്റ് ഉണ്ട്. മതേതരത്വം പറഞ്ഞ് ഞങ്ങൾക്ക് കിട്ടിയത് ഒരു സീറ്റാണ്. കോൺഗ്രസിന് 2 സീറ്റ്‌ ലഭിച്ചു. വർഗീയത പറഞ്ഞ ബിജെപിക്ക് 12 സീറ്റ് കിട്ടി. ലീഗിൽ നിന്ന് 22 പേർ ജയിച്ചു. അവരുടെ പേരുകൾ വായിക്കാൻ മാത്രമേ താൻ പറഞ്ഞിട്ടുള്ളുവെന്നും ഈ അവസ്ഥ കേരളത്തിൽ മറ്റൊരിടത്തും വരരുത് എന്ന് മാത്രമേ താൻ ആഗ്രഹിച്ചുള്ളൂവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
 
 കേരളത്തിൽ എല്ലാ വിഷയത്തിലും ന്യൂനപക്ഷത്തോടൊപ്പം ആണ് മുഖ്യമന്ത്രി നിന്നത്. ഭൂരിപക്ഷ വർഗീയതയെയോ ന്യൂനപക്ഷ വർഗീയതയെയോ പ്രോത്സാഹിപ്പിക്കുന്ന ഒരു സ്റ്റേറ്റ്‌മെന്റും ഉണ്ടാകാൻ പാടില്ലെന്നും സജി ചെറിയാൻ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow