മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹത്തിന് നീക്കം; പ്രതിശ്രുത വരനും ഇരു വീട്ടുകാര്‍ക്കും ചടങ്ങിൽ പങ്കെടുത്തവര്‍ക്കുമെതിരെ കേസ്
14 വയസുകാരിയായ പെൺകുട്ടിയെ പ്രായപൂർത്തിയായ ഒരു യുവാവാണ് വിവാഹം കഴിക്കാൻ നിശ്ചയിച്ചിരുന്നത്

മലപ്പുറം: മലപ്പുറം ജില്ലയിൽ വീണ്ടും ശൈശവ വിവാഹത്തിന് നീക്കം നടന്നതിനെ തുടർന്ന് പ്രതിശ്രുത വരൻ, ഇയാളുടെ വീട്ടുകാർ, പെൺകുട്ടിയുടെ വീട്ടുകാർ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. മലപ്പുറം കാടാമ്പുഴ മാറാക്കര മരവട്ടത്താണ് സംഭവം. 14 വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയുടെ വിവാഹ നിശ്ചയ ചടങ്ങാണ് കഴിഞ്ഞ ദിവസം നടന്നത്.
വിവാഹ നിശ്ചയത്തിൽ പങ്കെടുത്ത പത്ത് പേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. വിവരം ലഭിച്ചതിനെ തുടർന്ന്, കാടാമ്പുഴ പോലീസ് സ്ഥലത്തെത്തിയാണ് നടപടി സ്വീകരിച്ചത്. പ്രദേശവാസികൾ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് സംഭവം പുറത്തറിഞ്ഞത്.
14 വയസുകാരിയായ പെൺകുട്ടിയെ പ്രായപൂർത്തിയായ ഒരു യുവാവാണ് വിവാഹം കഴിക്കാൻ നിശ്ചയിച്ചിരുന്നത്. ശൈശവ വിവാഹത്തിന് മുമ്പ് പോലീസ് കേസെടുത്തിട്ടുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അടുത്ത കാലത്തായി ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും നിയമലംഘനത്തിന് ശ്രമം നടന്നത്.
14കാരിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC) ഏറ്റെടുത്തു. സംഭവത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
What's Your Reaction?






