അഫ്ഗാൻ വിദേശകാര്യ മന്ത്രിയുടെ താജ്മഹൽ സന്ദർശനം അവസാന നിമിഷം റദ്ദാക്കി
സന്ദർശനം റദ്ദാക്കിയതിൻ്റെ കാരണം അദ്ദേഹം വെളിപ്പെടുത്തിയില്ല

ന്യൂഡൽഹി/ആഗ്ര: ഇന്ത്യ സന്ദർശിക്കുന്ന അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയുടെ താജ്മഹൽ സന്ദർശനം അവസാന നിമിഷം റദ്ദാക്കി. സന്ദർശനം റദ്ദാക്കാനുള്ള നിർദേശം ഡൽഹിയിൽ നിന്നാണ് ലഭിച്ചതെന്ന് ആഗ്ര ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സോനം കുമാർ അറിയിച്ചു. എന്നാൽ, സന്ദർശനം റദ്ദാക്കിയതിൻ്റെ കാരണം അദ്ദേഹം വെളിപ്പെടുത്തിയില്ല.
താജ്മഹലിലെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ.) ഉദ്യോഗസ്ഥരും മന്ത്രിയുടെ സന്ദർശനം മാറ്റിവച്ചതായി സ്ഥിരീകരിച്ചു. ആറ് ദിവസത്തെ സന്ദർശനത്തിനായി വ്യാഴാഴ്ചയാണ് താലിബാൻ മന്ത്രി ന്യൂഡൽഹിയിൽ എത്തിയത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
നാല് വർഷം മുൻപ് താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത ശേഷം ഇന്ത്യ സന്ദർശിക്കുന്ന ആദ്യത്തെ മന്ത്രിയാണ് അമീർ മുത്തഖി. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തെ ഇന്ത്യാ സർക്കാർ ഔപചാരികമായി അംഗീകരിച്ചിട്ടില്ലെങ്കിലും, ഇന്ത്യ–അഫ്ഗാൻ ബന്ധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഈ സന്ദർശനം.
മന്ത്രിയുടെ സന്ദർശനം പുരോഗമിക്കുന്നതിനിടെയാണ് പാക്കിസ്ഥാൻ-അഫ്ഗാൻ സൈന്യങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ ശക്തമായത്. ഈ ഏറ്റുമുട്ടലിൽ നിരവധി പാക് സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്.
What's Your Reaction?






