ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച കേസ്; മുരാരി ബാബു റിമാന്‍ഡില്‍

നിലവിൽ സസ്പെൻഷനിലുള്ള മുരാരി ബാബുവിനെ പെരുന്നയിലെ വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്

Oct 23, 2025 - 20:35
Oct 23, 2025 - 20:36
 0
ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച കേസ്; മുരാരി ബാബു റിമാന്‍ഡില്‍

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ എക്സിക്യുട്ടീവ് ഓഫീസർ മുരാരി ബാബുവിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റാന്നി കോടതി ഇദ്ദേഹത്തെ റിമാൻഡ് ചെയ്തത്. മുരാരി ബാബുവിനെ ഉടൻ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലേക്ക് മാറ്റും.

നിലവിൽ സസ്പെൻഷനിലുള്ള മുരാരി ബാബുവിനെ പെരുന്നയിലെ വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സ്വർണ്ണപ്പാളികൾ ചെമ്പാണെന്ന് വ്യാജരേഖ ചമച്ച ഗൂഢാലോചനയിലെ പ്രധാന കണ്ണി മുരാരി ബാബുവാണ്.

വിവാദ ഇടനിലക്കാരൻ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ശേഷമുള്ള ഈ രണ്ടാമത്തെ അറസ്റ്റ് കേസിൻ്റെ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക് നീളുന്നതിൻ്റെ സൂചന നൽകുന്നു. പോറ്റിക്ക് സ്വർണ്ണം കടത്താൻ എല്ലാ ഒത്താശയും ചെയ്ത സംഘത്തിലെ മുഖ്യനാണ് മുരാരി ബാബു.

2019-ൽ ശബരിമലയിലെ ദ്വാരപാലക പാളികളിലെ സ്വർണ്ണം കവർന്ന കേസിലെ രണ്ടാം പ്രതിയാണ് മുരാരി ബാബു. 1998-ൽ ശ്രീകോവിലിലും ദ്വാരപാലക പാളികളിലും സ്വർണ്ണം പതിച്ചിരുന്നത് മുരാരി ബാബുവിന് കൃത്യമായി അറിയാമായിരുന്നു. എന്നിട്ടും 2019-ലും 2024-ലും ഇത് ചെമ്പാണെന്ന് ഔദ്യോഗിക രേഖകളിൽ എഴുതിച്ചേർക്കാൻ ഇയാൾ മുൻകൈയെടുത്തു.

സ്വർണ്ണക്കൊള്ളയ്ക്ക് വഴി തുറന്ന നിർണ്ണായകമായ ആസൂത്രണത്തിന് പിന്നിൽ മുരാരി ബാബുവാണ് പ്രവർത്തിച്ചതെന്നാണ് ദേവസ്വം വിജിലൻസിന്റെയും പ്രത്യേക അന്വേഷണ സംഘത്തിന്റെയും (SIT) കണ്ടെത്തൽ. ദ്വാരപാലക പാളികൾ പോറ്റിയുടെ കൈവശം തന്നെ കൊടുത്തുവിടാൻ അനുവദിക്കണമെന്ന കുറിപ്പ് ദേവസ്വം ബോർഡിന് നൽകിയതും മുരാരി ബാബുവാണ്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ ഉന്നതർ ഉടൻ അറസ്റ്റിലാകാൻ സാധ്യതയുണ്ടെന്നാണ് സൂചന.

What's Your Reaction?

like

dislike

love

funny

angry

sad

wow