തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന് അന്തിമോപചാരം അർപ്പിച്ച് വ്യവസായി എം എ യൂസഫലി. ജനങ്ങൾക്ക് വേണ്ടി എന്നും നിലകൊണ്ടിരുന്ന ഒരു ജനനേതാവിനെയാണ് നഷ്ടമായതെന്ന് എം.എ. യൂസഫലി പറഞ്ഞു.
വി എസുമായി വളരെ അടുത്ത സ്‌നേഹബന്ധമാണ് വെച്ചുപുലര്‍ത്തിയിരുന്നത്. തനിക്ക് സഹോദര തുല്യനായ സഖാവായിരുന്നു വി എസെന്നും യൂസഫലി പറഞ്ഞു. അവസാന നാളുകളിലും നേരിട്ട് പോയി കണ്ടുവെന്നും അദ്ദേഹം പറഞ്ഞു.
നോർക്ക റൂട്ട്സിന്റെ ചെയർമാൻ ആയിരിക്കുന്ന സമയത്ത് പ്രവാസികളുടെ ഏത് കാര്യം വന്നാലും അദ്ദേഹം ഉടനടി തീരുമാനമെടുത്തിരുന്നുവെന്നും യൂസഫലി മാധ്യമങ്ങളോട് പ്രതികരിച്ചു. വി.എസ്സിൻ്റെ വേർപാട് താങ്ങാനുള്ള കരുത്ത് കുടുംബാംഗങ്ങൾക്കും കേരള സമൂഹത്തിനും ഉണ്ടാകട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നുവെന്ന് എംഎ യൂസഫലി പറഞ്ഞു.