ആദ്യശമ്പളം അമ്മയ്ക്കു നൽകാനെത്തി, മകനെ കാത്തിരുന്നത് അമ്മയുടെ ചലനമറ്റ ശരീരം

താൻ കഷ്ടപ്പെട്ട് പഠിപ്പിച്ച് എൻജിനീയറാക്കിയ മകന്‍റെ ആദ്യശമ്പളം ഏറ്റുവാങ്ങാൻ ഇനി ബിന്ദുവില്ല.

Jul 4, 2025 - 11:03
Jul 4, 2025 - 11:03
 0  13
ആദ്യശമ്പളം അമ്മയ്ക്കു നൽകാനെത്തി, മകനെ കാത്തിരുന്നത് അമ്മയുടെ ചലനമറ്റ ശരീരം

തലയോലപ്പറമ്പ്: കഴിഞ്ഞദിവസമാണ് നവനീതിനു ആദ്യശമ്പളം കിട്ടിയത്. അമ്മയും സഹോദരിയും ആശുപത്രിയിലായതിനാല്‍ അത് അമ്മയെ ഏല്‍പ്പിക്കാനായില്ല. എന്നാല്‍, ആദ്യശമ്പളം അമ്മയ്ക്കു നൽകാൻ ആശുപത്രിയിലേക്ക് എത്തിയ മകനെ കാത്തിരുന്നത് അമ്മയുടെ ചലനമറ്റ ശരീരമാണ്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച ബിന്ദുവിന്റെ മകനായ നവനീതിനു കഴിഞ്ഞ മാസമാണ് എറണാകുളത്തു ജോലി ലഭിച്ചത്. താൻ കഷ്ടപ്പെട്ട് പഠിപ്പിച്ച് എൻജിനീയറാക്കിയ മകന്‍റെ ആദ്യശമ്പളം ഏറ്റുവാങ്ങാൻ ഇനി ബിന്ദുവില്ല.

അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ കണ്ടുനിന്നവർക്കു വാക്കുകളില്ലായിരുന്നു. അപകടത്തിൽ മരിച്ചയാളെ ആദ്യം തിരിച്ചറിഞ്ഞതും നവനീതാണ് കുടുംബസ്വത്തായി ലഭിച്ച അഞ്ച് സെന്‍റ് സ്ഥലത്ത് നിർമാണം പൂർത്തിയാകാത്ത ചെറിയ വീട്ടിലാണ് ബിന്ദുവും ഭർത്താവ് വിശ്രുതനും മക്കളായ നവമിയും നവനീതും ബിന്ദുവിന്റെ അമ്മ സീതാലക്ഷ്മിയും താമസിക്കുന്നത്. മേസ്തിരിപ്പണിക്കാരനായ വിശ്രുതന്റെയും തലയോലപ്പറമ്പിലെ വസ്ത്രശാലയിൽ ജോലി ചെയ്യുന്ന ബിന്ദുവിന്റെയും വരുമാനം കൊണ്ടാണു കുടുംബം കഴിഞ്ഞുപോന്നിരുന്നത്. 

ആന്ധ്രയിൽ അപ്പോളോ നഴ്സിങ് കോളജിലെ അവസാനവർഷ വിദ്യാർഥിനിയായ നവമിക്ക് (21) ന്യൂറോ പ്രശ്നങ്ങളെത്തുടർന്നാണ് മെഡിക്കൽ കോളജിൽ ചൊവ്വാഴ്ച ചികിത്സയ്ക്ക് എത്തിയത്. ‘എനിക്കൊന്നും പറയാനില്ല, വെന്തുരുകുകയാണു ഞാൻ’– മരണവിവരം അറിഞ്ഞയുടൻ മെഡിക്കൽ കോളജിൽ വച്ച് വിശ്രുതൻ പറഞ്ഞു. മക്കളുടെയും തന്‍റെയും അമ്മയുടേയുമടക്കം കുടുംബത്തിന്റെ എല്ലാക്കാര്യങ്ങളും നോക്കിയിരുന്നത് ബിന്ദുവായിരുന്നെന്ന് ഭർത്താവ് വിശ്രുതൻ പറഞ്ഞു. 300 രൂപയായിരുന്നു ദിവസക്കൂലി. കാല് വയ്യാത്തതുകൊണ്ട് ഓട്ടോയിൽ ആണ് പോകാറ്. ബാക്കിയുള്ളത് 250 രൂപയാണ്. എല്ലാക്കാര്യങ്ങളും അവൾ നടത്തുന്നത് ഈ 250 രൂപകൊണ്ടാണ്. കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെട്ടിടം തകർന്ന് വീണ് മരിച്ച തലയോലപ്പറമ്പിലെ ബിന്ദുവിന്റെ ഭർത്താവ് കണ്ണീരോടെയാണ് കാര്യങ്ങൾ പറഞ്ഞവസാനിപ്പിച്ചത്. ബിന്ദുവിന്റെ സംസ്കാരം ഇന്നു തലയോലപ്പറമ്പ് ഉമാംകുന്ന് മേപ്പാട്ടുകുന്നേൽ വീട്ടുവളപ്പിൽ നടക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow