തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളെജ് അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദുവിന്‍റെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. സംസ്കാര ചടങ്ങിൻ്റെ ചിലവിനു 50,000 രൂപ ഇന്ന് നൽകും. പിന്നാലെ ബാക്കി ധനസഹായം നൽകുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം അപകടം നടന്നതിന് പിന്നാലെ താനും ആരോഗ്യമന്ത്രിയും നടത്തിയ പ്രതികരണങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. ജെസിബി കൊണ്ടുവന്ന് തിരച്ചില്‍ നടത്തണമെന്ന് തന്നെയാണ് താൻ നിർദേശിച്ചതെന്നും തിരച്ചില്‍ നിര്‍ത്തിവയ്ക്കണമെന്നോ അവശിഷ്ടങ്ങള്‍ക്ക് അടിയില്‍ ആളില്ലെന്നോ ആരും പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
സംഭവത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നും ചിലർ തെറ്റിദ്ധാരണ പരത്തുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തകർന്ന് വീണത് 68 വർഷം മുൻപ് ഉള്ള കെട്ടിടമാണ്. രക്ഷാപ്രവർത്തനത്തിന് കാലതാമസം ഉണ്ടായിട്ടില്ല എന്നും മന്ത്രി വ്യക്തമാക്കി. തെരച്ചിൽ നിർത്തിവെച്ചു എന്നത് രാഷ്ട്രീയ ആരോപണം മാത്രമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.