പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ പണി കിട്ടും; പല്ലിന്‍റെ ആരോഗ്യവും പോകും

പ്രഭാതഭക്ഷണം ഒഴിവാക്കുമ്പോൾ വയർ ഒഴിഞ്ഞിരിക്കുന്ന സമയപരിധി വീണ്ടും വർധിക്കുന്നു. ഇത് ശരീരത്തിൻ്റെ ആന്തരിക താളത്തെ തകിടം മറിക്കും

Oct 23, 2025 - 20:47
Oct 23, 2025 - 20:47
 0
പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ പണി കിട്ടും; പല്ലിന്‍റെ ആരോഗ്യവും പോകും

തുടർച്ചയായി പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ശീലമുള്ളവരാണോ നിങ്ങൾ? എങ്കിൽ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ശരീരത്തിലെ ഊർജ്ജം നഷ്ടപ്പെടുത്തുക മാത്രമല്ല, പല്ലുകളുടെ ആരോഗ്യത്തെപ്പോലും ഗുരുതരമായി ബാധിക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

പ്രഭാതഭക്ഷണം ഒഴിവാക്കുമ്പോൾ വയർ ഒഴിഞ്ഞിരിക്കുന്ന സമയപരിധി വീണ്ടും വർധിക്കുന്നു. ഇത് ശരീരത്തിൻ്റെ ആന്തരിക താളത്തെ തകിടം മറിക്കും. തൽഫലമായി, ആമാശയത്തിൽ ഗ്യാസ്ട്രിക് ആസിഡിൻ്റെ ഉത്പാദനം വർധിക്കുകയും ഗാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് ഡിസീസ് (GERD) പോലുള്ള പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ കൂടുകയും ചെയ്യുന്നു.

ദീർഘനേരം ഭക്ഷണം കഴിക്കാതിരിക്കുമ്പോൾ സ്വാഭാവികമായും ചവയ്ക്കുന്ന പ്രക്രിയ നടക്കുന്നില്ല. ഇതിൻ്റെ ഫലമായി ഉമിനീരിൻ്റെ ഉത്പാദനം കുറയുന്നു. ഉമിനീർ വെറുമൊരു ലൂബ്രിക്കൻ്റ് മാത്രമല്ല; അത് ശരീരത്തിലെ ആസിഡിനെ നിർവീര്യമാക്കാൻ സഹായിക്കുന്ന ബൈകാർബണേറ്റുകളും എൻസൈമുകളും അടങ്ങിയ ഒരു സ്വാഭാവിക ഘടകം കൂടിയാണ്. ഉമിനീർ കുറയുന്നത് അസിഡിറ്റിയെ പ്രതിരോധിക്കാനുള്ള ശരീരത്തിൻ്റെ ശേഷി കുറയ്ക്കും.

ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുമ്പോൾ ആമാശയത്തിൽ അസിഡിറ്റി കൂടുന്നു. ഇത് ദന്താരോഗ്യത്തെയും ബാധിക്കുന്നതാണ് പ്രധാന പ്രശ്നം. വായുടെ ഉൾഭാഗത്ത് സാധാരണയായി 6 മുതൽ 7 വരെയുള്ള ന്യൂട്രൽ pH ആണ് ഉണ്ടായിരിക്കേണ്ടത്. എന്നാൽ അസിഡിറ്റി കാരണം ഈ pH-ൽ വലിയ കുറവുണ്ടാകുമ്പോൾ ഡീമിനറലൈസേഷൻ എന്ന പ്രക്രിയ വഴി പല്ലിൻ്റെ ഏറ്റവും പുറമെയുള്ള ആവരണമായ ഇനാമലിന് നാശം സംഭവിക്കുന്നു. ഇത് പല്ലുകളിൽ പോടുകൾ രൂപപ്പെടാനും അസഹ്യമായ പുളിപ്പ് (Sensitive Teeth) ഉണ്ടാകാനും കാരണമാകും.

പ്രഭാതഭക്ഷണം കഴിക്കുന്നത് ഉമിനീർ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും രാവിലെയുള്ള അസിഡിറ്റിയെ പ്രതിരോധിക്കാൻ സഹായിക്കുകയും GERD നിയന്ത്രിക്കുകയും ചെയ്യും. രാവിലെ അസിഡിറ്റി ഒഴിവാക്കാൻ വെള്ളം കുടിച്ച് ദിവസം ആരംഭിക്കുന്നതാണ് ഏറ്റവും നല്ലത്. കാപ്പി പോലുള്ള പാനീയങ്ങൾ വെറും വയറ്റിൽ കുടിക്കുന്നത് പരമാവധി ഒഴിവാക്കുക. സമയബന്ധിതമായി ഭക്ഷണം കഴിക്കുകയും പ്രഭാതഭക്ഷണം ഒഴിവാക്കാതിരിക്കുകയും ചെയ്യുന്നത് ദഹനവ്യവസ്ഥയെയും പല്ലുകളെയും സംരക്ഷിക്കാൻ സഹായിക്കുന്ന ലളിതവും എന്നാൽ പ്രധാനപ്പെട്ടതുമായ ശീലമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow