വെസ്റ്റ് ബാങ്ക് പിടിച്ചെടുത്താൽ യു.എസ് പിന്തുണ നഷ്ടമാകും: ഇസ്രയേലിന് ട്രംപിന്‍റെ ശക്തമായ മുന്നറിയിപ്പ്
ഇസ്രയേൽ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കില്ലെന്ന് അറബ് രാജ്യങ്ങൾക്ക് താൻ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ട്രംപ്
വാഷിങ്ടൺ: വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കുന്നതിനുള്ള നടപടികളുമായി ഇസ്രയേൽ മുന്നോട്ട് പോയാൽ അമേരിക്കയിൽ നിന്നുള്ള എല്ലാ പിന്തുണയും നഷ്ടപ്പെടുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇസ്രയേൽ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കില്ലെന്ന് അറബ് രാജ്യങ്ങൾക്ക് താൻ ഉറപ്പ് നൽകിയിട്ടുണ്ടെന്നും ട്രംപ് ടൈം മാഗസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
"ഇപ്പോൾ നിങ്ങൾക്ക് അത് ചെയ്യാൻ കഴിയില്ല" എന്ന് ഇസ്രയേലിന് ട്രംപ് കർശന മുന്നറിയിപ്പ് നൽകി. "നമുക്ക് അറബ് രാജ്യങ്ങളുടെ വലിയ പിന്തുണയുണ്ടായിരുന്നു. ഇസ്രയേൽ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കില്ലെന്ന് അറബ് രാജ്യങ്ങൾക്ക് ഞാൻ വാക്ക് നൽകിയിട്ടുണ്ട്. അത് നടക്കില്ല. അങ്ങനെ സംഭവിച്ചാൽ ഇസ്രയേലിന് അമേരിക്കയിൽ നിന്നുള്ള എല്ലാ പിന്തുണയും നഷ്ടപ്പെടും," ട്രംപ് പറഞ്ഞു.
സൗദി അറേബ്യയും ഇസ്രയേലും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിന് വളരെ അടുത്താണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഈ വർഷം അവസാനത്തോടെ സൗദി അബ്രഹാം കരാറിൽ ചേർന്നേക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഈ വിഷയത്തിൽ ഇസ്രയേൽ പാർലമെൻ്റായ നെസറ്റിൽ നടക്കാനിരിക്കുന്ന വോട്ടെടുപ്പിനെ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ ശക്തമായി വിമർശിച്ചു. ഈ നീക്കം ഗാസയ്ക്ക് വേണ്ടിയുള്ള ട്രംപിന്റെ സമാധാന പദ്ധതിക്ക് വിരുദ്ധമാണെന്നാണ് അമേരിക്കൻ നയം. വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കുന്നത് സംബന്ധിച്ച് നെസറ്റിൽ നടന്ന പാർലമെന്ററി വോട്ടെടുപ്പിനെ യു.എസ് വൈസ് പ്രസിഡന്റ് ജെഡി വാൻസും വിമർശിച്ചു. ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ നിലനിർത്താനുള്ള ട്രംപ് ഭരണകൂടത്തിൻ്റെ ശ്രമങ്ങളെ അപമാനിക്കുന്നതാണ് ഈ നടപടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
What's Your Reaction?

