ചേതകിന്‍റെ നിരയിലേക്ക് ഒരു പുതിയ തലമുറ മോഡൽ അവതരിപ്പിക്കാൻ ബജാജ്
ഹബ്-മൗണ്ടഡ് മോട്ടോർ ആണ് ഇതിലെ പ്രധാന ഹൈലൈറ്റ്
പ്രമുഖ ഇരുചക്ര വാഹന നിർമ്മാതാക്കളായ ബജാജ് ഓട്ടോ, തങ്ങളുടെ ജനപ്രിയ ഇലക്ട്രിക് സ്കൂട്ടറായ ചേതക്കിന്റെ നിരയിലേക്ക് ഒരു പുതിയ തലമുറ മോഡൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഇത് ചേതക് നിരയിലെ ഒരു എൻട്രി ലെവൽ മോഡൽ ആയിരിക്കുമെന്നാണ് പുറത്തുവന്ന പ്രോട്ടോടൈപ്പ് ചിത്രങ്ങൾ നൽകുന്ന സൂചന.
ഈ പുതിയ ഇലക്ട്രിക് സ്‌കൂട്ടർ ഒറ്റനോട്ടത്തിൽ കൂടുതൽ ഒതുക്കമുള്ളതായി തോന്നുന്നു. ഹബ്-മൗണ്ടഡ് മോട്ടോർ ആണ് ഇതിലെ പ്രധാന ഹൈലൈറ്റ്. ഇത് പുതിയ ചേതക്, ചെലവ് കുറഞ്ഞ ഒരു എൻട്രി ലെവൽ മോഡലായിരിക്കും എന്ന സൂചന നൽകുന്നു.
നിലവിലുള്ള ചേതക് മോഡലുകൾക്ക് സമാനമായ രൂപകൽപ്പന നിലനിർത്തിക്കൊണ്ടുതന്നെ, ബോഡി വർക്ക് കൂടുതൽ മൂർച്ചയുള്ളതും മിനുസമാർന്നതുമായി കാണപ്പെടുന്നു. ഓവൽ ആകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പ്, ഫ്ലോട്ടിങ് സീറ്റ് തുടങ്ങിയ ചേതക്കിന് പരിചിതമായ ഡിസൈൻ ഘടകങ്ങൾ പുതിയ മോഡലിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
എൽസിഡി ക്ലസ്റ്റർ, പുതിയ സ്വിച്ച് ഗിയർ, മെച്ചപ്പെടുത്തിയ മിററുകൾ എന്നിവ പുതിയ ചേതകിൽ പ്രതീക്ഷിക്കാം. പുതിയ തലമുറ ബജാജ് ചേതക് നിലവിൽ പരീക്ഷണ ഘട്ടത്തിലാണ്. 2026-ൻ്റെ ആദ്യ പാദത്തിൽ ഈ വാഹനം വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ എൻട്രി ലെവൽ ഇലക്ട്രിക് സ്‌കൂട്ടറിന് ഒരു ലക്ഷം രൂപയിൽ താഴെ (എക്സ്-ഷോറൂം) ആയിരിക്കും വില. ഇത് കൂടുതൽ ഉപഭോക്താക്കളെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ആകർഷിക്കാൻ ബജാജിനെ സഹായിച്ചേക്കും.
What's Your Reaction?

