'പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണം, വാങ്ങിയത് നിയമപരമായി'; ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍
വ്യക്തി എന്ന നിലയിൽ തന്റെ പ്രതിച്ഛായ മോശമാക്കുന്ന രീതിയിലാണ് മാധ്യമങ്ങളിലടക്കം പ്രചാരണം നടന്നതെന്ന് ദുൽഖർ.
കൊച്ചി∙ കസ്റ്റംസ് പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്നും ഈ നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ ഹർജി നൽകി. താൻ എല്ലാ നിയമനടപടികളും പൂർത്തിയാക്കിയാണ് വാഹനം സ്വന്തമാക്കിയതെന്നും എന്നാൽ രേഖകൾ പരിശോധിക്കാൻ പോലും തയ്യാറാകാതെയാണ് കസ്റ്റംസ് വാഹനം കസ്റ്റഡിയിലെടുത്തതെന്നും ഹർജിയിൽ ആരോപിക്കുന്നു.
ഭൂട്ടാനിൽനിന്നുള്ള വാഹനക്കടത്തിന്റെ ഭാഗമാണെന്ന് ആരോപിച്ചാണ് കഴിഞ്ഞ ദിവസം ദുൽഖർ സൽമാന്റെ തമിഴ്നാട് രജിസ്ട്രേഷനിലുള്ള 2004 മോഡൽ ലാൻഡ് റോവർ ഡിഫൻഡർ കസ്റ്റംസ് പിടിച്ചെടുത്തത്. വ്യക്തി എന്ന നിലയിൽ തന്റെ പ്രതിച്ഛായ മോശമാക്കുന്ന രീതിയിലാണ് മാധ്യമങ്ങളിലടക്കം പ്രചാരണം നടന്നതെന്നും ദുൽഖർ ഹർജിയിൽ പറയുന്നു.
"കള്ളക്കടത്ത്, ലഹരിമരുന്ന്, ദേശവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങൾക്കൊക്കെ ഉപയോഗിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്ന രീതിയിൽ വ്യാപകമായ പബ്ലിസിറ്റിയാണ് നൽകിയത്. എന്ത് താത്പര്യത്തിന്റെ പുറത്താണ് അതെന്നറിയില്ല," അദ്ദേഹം ഹർജിയിൽ വ്യക്തമാക്കി.
What's Your Reaction?