ഡൽഹി: ആറ് പതിറ്റാണ്ടുകൾ നീണ്ട സേവനത്തിന് ശേഷം മിഗ് 21 വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയിൽ നിന്നും വിടപറഞ്ഞു. കാര്‍ഗില്‍ യുദ്ധത്തിലടക്കം പ്രതിരോധം തീര്‍ത്ത വിമാനം ആണ് ഒടുവിൽ വിരമിക്കുന്നത്.
ചണ്ഡീഗഡിലെ വ്യോമതാവളത്തിൽ മിഗ് 21വിമാനങ്ങൾക്ക് യാത്രയയപ്പ് നൽകി. രാജ്യത്തിന്റെ വ്യോമ പ്രതിരോധത്തിൽ നിർണായക പങ്ക് വഹിച്ച ഈ സൂപ്പർസോണിക് യുദ്ധവിമാനം 1960-കളിൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി.
പാന്തേഴ്‌സ് എന്ന വിളിപ്പേരുള്ള 23- നമ്പർ സ്ക്വാഡ്രണിന്റെ ഭാഗമായ അവസാനത്തെ മിഗ്-21 ജെറ്റുകൾക്ക് ചണ്ഡീഗഡ് എയർഫോഴ്‌സ് സ്‌റ്റേഷനിൽ വെച്ചാണ് അന്തിമ യാത്രയയപ്പ് നൽകിയത്. രാജ്യത്തിന്റെ സൈനിക വ്യോമയാന ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായമാണ് ഇതോടെ പൂർണമാകുന്നത്.
യാത്രയയപ്പ് ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്, ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ല എന്നിവർ പങ്കെടുത്തു. തദ്ദേശീയമായി നിർമിച്ച പുതുതലമുറ തേജസ് വിമാനങ്ങൾ ആയിരിക്കും മിഗ്–21 വിമാനങ്ങൾക്ക് പകരക്കാരാവുക.