തിരുവോണം ബംപര്‍ നറുക്കെടുപ്പ് മാറ്റിവച്ചു; പുതിയ തീയതി ഒക്ടോബര്‍ നാലിന്

ലോട്ടറി വകുപ്പാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്

Sep 26, 2025 - 17:57
Sep 26, 2025 - 17:57
 0
തിരുവോണം ബംപര്‍ നറുക്കെടുപ്പ് മാറ്റിവച്ചു; പുതിയ തീയതി ഒക്ടോബര്‍ നാലിന്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ് നാളെ (സെപ്തംബര്‍ 27) നടത്താനിരുന്ന തിരുവോണം ബംപർ BR 105 നറുക്കെടുപ്പ് മാറ്റിവച്ചു. പകരം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഒക്ടോബർ നാലിന് നടക്കും. ലോട്ടറി വകുപ്പാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. 

ചരക്കു സേവന നികുതിയുടെ മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത മഴയിലും ടിക്കറ്റുകള്‍ പൂര്‍ണമായി വില്പന നടത്താന്‍ കഴിയാത്ത സാഹചര്യത്തിൽ നറുക്കെടുപ്പ് തീയതി മാറ്റിവയ്ക്കണമെന്ന ഏജന്റുമാരുടെയും വില്പനക്കാരുടെയും അഭ്യര്‍ഥന പരിഗണിച്ചായിരുന്നു തീരുമാനം.

സെപ്റ്റംബര്‍ 27 ശനിയാഴ്ച വൈകുന്നേരം രണ്ട് മണിക്കാണ് ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ നറുക്കെടുക്കാന്‍ നിശ്ചയിച്ചിരുന്നത്. ലോട്ടറിയില്‍ ജി.എസ്.ടി വര്‍ധനവ് നടപ്പാക്കണമോ വേണ്ടയോ എന്നത് സംബന്ധിച്ച് ചര്‍ച്ചകളുണ്ടായിരുന്നു. തത്കാലം ജി.എസ്.ടി കൂട്ടേണ്ടതില്ലെന്ന തീരുമാനവും വന്നു. എങ്കിലും ഇതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം നിലനിന്നിരുന്നു. കൂടാതെ, മഴ കാരണം ടിക്കറ്റുകള്‍ വിറ്റഴിക്കാന്‍ സാധിച്ചില്ലെന്ന് ഏജന്‍റുകാരും വില്പനക്കാരും അറിയിക്കുകയുമായിരുന്നു. 

500 രൂപയാണ് ഒരു തിരുവോണം ബമ്പർ ടിക്കറ്റിന്റെ വില. 25 കോടി ഒന്നാം സമ്മാനമായി ലഭിക്കുമ്പോൾ, രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കാണ് ലഭിക്കുന്നത്. മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകള്‍ക്കും നല്‍കും. കൂടാതെ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ ഭാ​ഗ്യശാലികള്‍ക്ക് ലഭിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow