ഇന്ത്യയുമായി ഹസ്തദാനത്തിന് തയ്യാർ; ക്രിക്കറ്റ് സ്പിരിറ്റോടെ കളിക്കണമെന്ന് പാക് ക്യാപ്റ്റൻ സൽമാൻ അലി ആഗ
കഴിഞ്ഞ വർഷത്തെ ഏഷ്യാ കപ്പിലാണ് ഹസ്തദാനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഉടലെടുത്തത്
കൊളംബോ: ടി20 ലോകകപ്പിലെ ഗ്ലാമർ പോരാട്ടമായ ഇന്ത്യ-പാകിസ്താൻ മത്സരത്തിന് മുന്നോടിയായി നിർണ്ണായക പ്രതികരണവുമായി പാക് നായകൻ സൽമാൻ അലി ആഗ. ഇന്ത്യൻ താരങ്ങളുമായി ഹസ്തദാനം ചെയ്യാൻ തന്റെ ടീം സന്നദ്ധരാണെന്നും ക്രിക്കറ്റ് അതിന്റെ ശരിയായ സ്പിരിറ്റോടെ കളിക്കണമെന്നും ആഗ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
കഴിഞ്ഞ വർഷത്തെ ഏഷ്യാ കപ്പിലാണ് ഹസ്തദാനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഉടലെടുത്തത്. പഹൽഗാം ഭീകരാക്രമണത്തിന്റെയും തുടർന്നുണ്ടായ ഇന്ത്യയുടെ 'സിന്ദൂർ ഓപ്പറേഷന്റെയും' പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഏഷ്യാ കപ്പിലെ മൂന്ന് മത്സരങ്ങളിലും ഇന്ത്യൻ താരങ്ങൾ പാക് താരങ്ങൾക്ക് ഹസ്തദാനം നൽകാൻ തയ്യാറായിരുന്നില്ല.
ഏഷ്യാ കപ്പ് കിരീടം നേടിയ ഇന്ത്യ, പി.സി.ബി ചെയർമാനിൽ നിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന നിലപാടെടുത്തതും അന്ന് വലിയ ചർച്ചയായിരുന്നു. ''ക്രിക്കറ്റ് എപ്പോഴും അതിന്റെ സ്പിരിറ്റിൽ തന്നെ കളിക്കണം. എന്റെ വ്യക്തിപരമായ അഭിപ്രായത്തിന് ഇവിടെ പ്രസക്തിയില്ലെങ്കിലും, ക്രിക്കറ്റ് അന്തസ്സോടെ കളിക്കേണ്ട ഒന്നാണ്. ഹസ്തദാനം ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഇന്ത്യൻ ടീമാണ്. ഞങ്ങൾ അതിന് തയ്യാറാണ്.'' - ആഗ പറഞ്ഞു.
കളിക്ക് ശേഷം താരങ്ങൾ ഹസ്തദാനം ചെയ്യുന്നത് ഐ.സി.സിയുടെ കർശനമായ നിയമമല്ലെങ്കിലും, ക്രിക്കറ്റിലെ മാന്യതയുടെ ഭാഗമായി എല്ലാ ടീമുകളും പിന്തുടരുന്ന രീതിയാണിത്. രാഷ്ട്രീയ പിരിമുറുക്കങ്ങൾക്കിടയിൽ ഈ സ്പോർട്സ്മാൻ സ്പിരിറ്റ് കളിക്കളത്തിൽ കാണാൻ സാധിക്കുമോ എന്നാണ് കായിക ലോകം ഉറ്റുനോക്കുന്നത്. അതിർത്തിയിലെ സംഘർഷങ്ങളുടെ നിഴലിൽ നടക്കുന്ന ഈ ലോകകപ്പ് പോരാട്ടം കേവലം ഒരു മത്സരം എന്നതിലുപരി വലിയ രാഷ്ട്രീയ പ്രാധാന്യമുള്ള ഒന്നായി മാറിയിരിക്കുകയാണ്.
What's Your Reaction?



