വിജയറണ്ണിന് പിന്നാലെ മുട്ടുകുത്തി നിന്ന് പ്രാർഥന; സഞ്ജു സാംസണിന്റെ വൈകാരിക നിമിഷങ്ങൾ വൈറലാകുന്നു
റൊമാരിയോ ഷെപ്പേർഡിനെ ബൗണ്ടറി പായിച്ച് വിജയം കുറിച്ച നിമിഷം ആകാശത്തേക്ക് നോക്കി കുരിശുവരച്ച് പ്രാർത്ഥിച്ച സഞ്ജു, ഡ്രസിങ് റൂമിലെത്തിയ ശേഷവും പ്രാർത്ഥന തുടരുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്
കൊൽക്കത്ത: നിർണ്ണായക മത്സരത്തിൽ ടീമിനെ വിജയത്തിലേക്ക് നയിച്ചതിന് പിന്നാലെ ക്രീസിലും ഡ്രസിങ് റൂമിലും മുട്ടുകുത്തി നിന്ന് പ്രാർത്ഥിക്കുന്ന സഞ്ജു സാംസണിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. തോൽവിമുഖത്തുനിന്ന് ഒറ്റയാൾ പോരാട്ടത്തിലൂടെ ടീമിനെ കരകയറ്റിയ സഞ്ജു, തന്റെ വിജയരഹസ്യവും വെളിപ്പെടുത്തി.
റൊമാരിയോ ഷെപ്പേർഡിനെ ബൗണ്ടറി പായിച്ച് വിജയം കുറിച്ച നിമിഷം ആകാശത്തേക്ക് നോക്കി കുരിശുവരച്ച് പ്രാർത്ഥിച്ച സഞ്ജു, ഡ്രസിങ് റൂമിലെത്തിയ ശേഷവും പ്രാർത്ഥന തുടരുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മത്സരശേഷം മുൻ താരം പാർത്ഥിവ് പട്ടേലുമായി നടത്തിയ അഭിമുഖത്തിൽ സഞ്ജു തന്റെ വിശ്വാസത്തെക്കുറിച്ച് മനസ്സ് തുറന്നു: "ഞാൻ ഒരു ദൈവവിശ്വാസിയാണ്. ആ നിമിഷം എന്താണ് പ്രാർത്ഥിച്ചതെന്ന് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല, അത് രഹസ്യമായി സൂക്ഷിക്കാനാണ് എനിക്ക് ഇഷ്ടം."
മോശം ഫോമിൽ നിന്ന് കരുത്തുറ്റ ഇന്നിങ്‌സിലേക്ക് എത്തിയതിനെക്കുറിച്ച് സഞ്ജു പറഞ്ഞത് ഇങ്ങനെ: "ഫോൺ ഓഫ് ചെയ്തു, സോഷ്യൽ മീഡിയയിൽ നിന്ന് പൂർണ്ണമായും വിട്ടുനിന്നു. പകരം പരിശീലനത്തിന് കൂടുതൽ സമയം നൽകുകയും സ്വയം കാര്യങ്ങൾ വിലയിരുത്തുകയും ചെയ്തു." ടോപ്പ് ഓർഡർ തകർന്നടിഞ്ഞ മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ സഞ്ജു പുറത്താകാതെ 97 റൺസാണ് നേടിയത്. 12 ഫോറുകളും 4 സിക്‌സറുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ തകർപ്പൻ ഇന്നിങ്‌സ്. സെഞ്ച്വറികൾ നേടിയാൽ പോലും ശാന്തനായി കാണപ്പെടാറുള്ള താരം ഇത്തവണ കുറച്ചധികം വൈകാരികമായാണ് വിജയത്തെ ആഘോഷിച്ചത്.
What's Your Reaction?