ബെംഗളൂരു: ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആള്‍ക്കൂട്ട ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ദുരന്തമുണ്ടായി മാസങ്ങള്‍ പിന്നിട്ടെങ്കിലും യഥാസമയം മതിയായ ധനസഹായം മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും നല്‍കാതിരുന്നത് വലിയ വിമര്‍ശനങ്ങൾക്ക് വഴിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ സഹായധനം പ്രഖ്യാപിച്ചിരിക്കുന്നത്.
മരിച്ച 11 പേരുടെ കുടുംബത്തിന് 25 ലക്ഷം രൂപ വീതമാണ് ആര്‍സിബി സഹായധനം പ്രഖ്യാപിച്ചത്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ആര്‍സിബി മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായധനം പ്രഖ്യാപിക്കുന്നതായി അറിയിച്ചത്.
ദുരന്തത്തില്‍ പരിക്കേറ്റ ആരാധകരെ സഹായിക്കുന്നതിനായി ആര്‍സിബി 'ആര്‍സിബി കെയേഴ്‌സ്' എന്ന പേരില്‍ ഒരു ഫണ്ട് രൂപീകരിച്ചിരുന്നു. ജൂണ്‍ നാലിനായിരുന്നു ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് തിക്കിലും തിരക്കിലുംപെട്ട് 11 പേര്‍ മരിക്കുകയും 56 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.