'നല്ലത് മാത്രമേ സംഭവിക്കൂ'; ഭാര്യയുടെ വിവാഹമോചന ഹർജിയില്‍ ആദ്യമായി പ്രതികരിച്ച് വിജയ്
മാർച്ച് രണ്ട് മുതൽ 26 വരെയാണ് തമിഴ്നാട്ടിൽ പ്ലസ് ടു പരീക്ഷ നടക്കുക
ചെന്നൈ: തെന്നിന്ത്യൻ സൂപ്പർതാരം വിജയ്‌യും ഭാര്യ സംഗീതയും വിവാഹമോചനത്തിനൊരുങ്ങുന്നു എന്ന വാർത്തകൾക്കിടയിൽ, വിദ്യാർത്ഥികൾക്ക് ആശംസകളുമായി താരം രംഗത്ത്. ഫെബ്രുവരി 27-ന് സംഗീത വിവാഹമോചന ഹർജി നൽകിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയുള്ള വിജയ്‌യുടെ ആദ്യ പ്രതികരണമാണിത്.
വിവാഹമോചനവുമായി ബന്ധപ്പെട്ട വിവാദങ്ങളോട് നേരിട്ട് പ്രതികരിക്കാതെ, പ്ലസ് ടു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകരുന്ന സന്ദേശമാണ് വിജയ് എക്സിലൂടെ (X) പങ്കുവെച്ചത്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും പ്ലസ് ടു പൊതുപരീക്ഷ എഴുതുന്ന തന്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാർക്ക് താരം അഭിനന്ദനങ്ങൾ നേർന്നു.
"നാളത്തെ സമ്പന്നമായ ഒരു സമൂഹത്തെ സൃഷ്ടിക്കാൻ പോകുന്ന നിങ്ങളെല്ലാവരും, ഉത്കണ്ഠയും ഭയവുമില്ലാതെ ധൈര്യത്തോടെ ഈ പരീക്ഷയെ നേരിടുക" എന്ന് വിജയ് കുറിച്ചു. ഉന്നത വിദ്യാഭ്യാസത്തിൽ മികവ് പുലർത്താൻ മുൻകൂർ ആശംസകൾ നേർന്ന താരം, നല്ല കാര്യങ്ങൾ സംഭവിക്കുമെന്നും വിജയം ഉറപ്പാണെന്നും കൂട്ടിച്ചേർത്തു. മാർച്ച് രണ്ട് മുതൽ 26 വരെയാണ് തമിഴ്നാട്ടിൽ പ്ലസ് ടു പരീക്ഷ നടക്കുക.
1999-ലാണ് വിജയ്‌യും സംഗീതയും വിവാഹിതരായത്. എന്നാൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇവർക്കിടയിലെ അസ്വാരസ്യങ്ങളെക്കുറിച്ച് ചർച്ചകൾ സജീവമാണ്. ഒരു നടിയുമായുള്ള വിവാഹേതര ബന്ധമാണ് പിരിയാൻ കാരണമെന്ന് സംഗീത ഹർജിയിൽ ആരോപിച്ചതായാണ് റിപ്പോർട്ടുകൾ. ഇരുവർക്കും ജെയ്‌സൺ സഞ്ജയ്, ദിവ്യ സാഷ എന്നിങ്ങനെ രണ്ട് മക്കളാണുള്ളത്. മകന്‍ ജെയ്‌സണ്‍ സഞ്ജയ് അച്ഛന്റെ പാതയിലൂടെ സിനിമയിലേക്ക് കടക്കുകയാണ്.
What's Your Reaction?