ബ്രഹ്മപുത്രയ്ക്ക് അടിയിലൂടെ ഇന്ത്യയിലെ ആദ്യത്തെ റെയിൽ-റോഡ് തുരങ്കം; 18,662 കോടിയുടെ പദ്ധതിക്ക് കേന്ദ്ര അനുമതി
34 കിലോമീറ്റർ നീളമുള്ള ട്വിൻ ട്യൂബ് ടണലാണ് നിർമ്മിക്കുന്നത്
ന്യൂഡല്‍ഹി: അസമിൽ ബ്രഹ്മപുത്ര നദിക്ക് താഴെയായി ഇന്ത്യയിലെ ആദ്യത്തെ അണ്ടർ വാട്ടർ റെയിൽ-റോഡ് തുരങ്കം നിർമ്മിക്കാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ സമിതിയാണ് 18,662 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ ബൃഹദ് പദ്ധതിക്ക് പച്ചക്കൊടി കാട്ടിയത്.
34 കിലോമീറ്റർ നീളമുള്ള ട്വിൻ ട്യൂബ് ടണലാണ് നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെയും ലോകത്തിലെ രണ്ടാമത്തെയും അണ്ടർ വാട്ടർ റെയിൽ-റോഡ് തുരങ്കമായിരിക്കും ഇത്. എൻഎച്ച് 15-ലെ ഗോഹ്പൂരിനെ എൻഎച്ച് 715-ലെ നുമാലിഗഢുമായി ഈ തുരങ്കം നേരിട്ട് ബന്ധിപ്പിക്കും.
നിലവിൽ ഈ രണ്ട് സ്ഥലങ്ങൾക്കിടയിലുള്ള യാത്രയ്ക്ക് 240 കിലോമീറ്ററോളം ചുറ്റി സഞ്ചരിക്കേണ്ടതുണ്ട്. 6 മണിക്കൂറോളം എടുക്കുന്ന ഈ യാത്ര പുതിയ തുരങ്കം വരുന്നതോടെ മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാക്കാൻ സാധിക്കും. കാസിരംഗ ദേശീയോദ്യാനം വഴി കടന്നുപോകാതെ തന്നെ വേഗത്തിൽ ലക്ഷ്യസ്ഥാനത്തെത്താം എന്നത് പരിസ്ഥിതിക്കും ഗുണകരമാകും.
ഇന്ത്യയിലെ ആദ്യത്തെ നദിക്കടിയിലുള്ള മെട്രോ തുരങ്കം കൊൽക്കത്തയിലെ ഹൂഗ്ലിയിലാണ് നിർമ്മിച്ചതെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ശനിയാഴ്ച മാധ്യമങ്ങളെ ഓർമ്മിപ്പിച്ചു. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി കടലിനടിയിലുള്ള തുരങ്കത്തിന്റെ പണി നടന്നു വരികയാണെന്നും, അതിനു പിന്നാലെ എത്തുന്ന ബ്രഹ്മപുത്ര ടണൽ രാജ്യത്തിന്റെ എഞ്ചിനീയറിംഗ് വിസ്മയമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്ത്രപ്രധാനമായ വടക്കുകിഴക്കൻ മേഖലയുടെ വികസനത്തിലും സൈനിക നീക്കങ്ങളിലും ഈ തുരങ്കം നിർണ്ണായക പങ്കുവഹിക്കും.
What's Your Reaction?



