എളമക്കര മരണം: ആറു വയസുകാരി ക്രൂരമായ പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കഴിഞ്ഞ മാസം 16-നാണ് പോണേക്കരയിലെ വാടകവീട്ടിൽ പവിശങ്കറിനെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയത്

Feb 14, 2026 - 15:10
Feb 14, 2026 - 15:10
 0
എളമക്കര മരണം: ആറു വയസുകാരി ക്രൂരമായ പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കൊച്ചി: എളമക്കരയിൽ അച്ഛനും മകളും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. ആറു വയസ്സുകാരിയായ മകൾ മരിക്കുന്നതിന് മുൻപ് അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതേത്തുടർന്ന് എളമക്കര പോലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ മാസം 16-നാണ് പോണേക്കരയിലെ വാടകവീട്ടിൽ പവിശങ്കറിനെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഒരു വർഷത്തോളമായി കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

കുട്ടിയുടെ മരണത്തിന് തൊട്ടുമുൻപും ലൈംഗികാതിക്രമം നടന്നിട്ടുണ്ട്. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവുകൾ കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് പീഡന വിവരം സ്ഥിരീകരിച്ചത്.

സെയിൽസ്മാനായിരുന്ന പവിശങ്കറിന് കുറച്ചു കാലമായി ജോലിയില്ലായിരുന്നു. കുടുംബപ്രശ്നങ്ങൾ കാരണം മകൾക്ക് വിഷം നൽകിയ ശേഷം ഇയാൾ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു പ്രാഥമിക നിഗമനം. മകളെ കിടക്കയിൽ മരിച്ച നിലയിലും പവിശങ്കറിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് കുട്ടിയുടെ അമ്മ വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്.

ആരാണ് കുട്ടിയെ പീഡിപ്പിച്ചത് എന്ന കാര്യത്തിൽ പോലീസ് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. പിതാവ് തന്നെയാണോ അതോ മറ്റാരെങ്കിലുമാണോ ഈ ക്രൂരകൃത്യത്തിന് പിന്നിലെന്ന് കണ്ടെത്താൻ പോലീസ് ശാസ്ത്രീയമായ അന്വേഷണം നടത്തിവരികയാണ്. പവിശങ്കറിന്റെ ആത്മഹത്യയിലേക്ക് നയിച്ച കാരണവും ഈ പീഡനവുമായി ബന്ധപ്പെട്ടതാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow