വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ
ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവേ വീട്ടിൽ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു

കോട്ടയം: വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. തമിഴ്‌നാട് സ്വദേശിയും നിലവിൽ കോട്ടയം പുതുപ്പള്ളി റബർബോർഡ് ക്വാർട്ടേഴ്സിൽ താമസവുമായ സുബ്രഹ്മണ്യന്റെ ഭാര്യ മഹാലക്ഷ്മി (24) ആണ് വീട്ടിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ 12 മണിയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവേ വീട്ടിൽ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. തുടർന്ന് വീട്ടുകാർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. ഉടൻ കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം കോട്ടയം ജില്ലാ ആശുപത്രിയിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ആംബുലൻസ് പൈലറ്റ് ജിജോമോൻ ജോസഫ്, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ അനിലമോൾ എം. കെ എന്നിവർ സ്ഥലത്തെത്തി. തുടർന്ന് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ അനിലമോൾ അമ്മയും കുഞ്ഞുമായുള്ള പൊക്കിൾക്കൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. ആംബുലൻസ് പൈലറ്റ് ജിജോമോൻ ജോസഫ് ഇരുവരെയും ഉടൻ കോട്ടയം ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.
What's Your Reaction?






