തനിക്ക് ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തി ഗായിക ജ്യോത്സ്ന രംഗത്ത്. മൂന്ന് തവണ പരിശോധന നടത്തിയെന്നും അതിലാണ് താൻ 'ഹൈലി മാസ്കിങ് ഓട്ടിസ്റ്റിക് അഡൾട്ട്' ആണെന്ന് കണ്ടെത്തിയതെന്നും ജ്യോത്സന പറഞ്ഞു. കഴിഞ്ഞ കുറേ വർഷമായി മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായികയാണ് ജ്യോത്സന രാധാകൃഷ്ണൻ.
2002 ലാണ് ജ്യോത്സന തന്റെ കരിയർ ആരംഭിച്ചത്. നിരവധി ഹിറ്റ് ഗാനങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് താരം ഇക്കാര്യം പുറത്തു പറഞ്ഞിരിക്കുന്നത്. ‘ടെഡ് എക്സ് ടോക്സി’ന്റെ ദി അൺസങ് സെൽഫ് എന്ന പരിപാടിയിൽ ആയിരുന്നു അവരുടെ തുറന്നു പറച്ചിൽ.
ജീവിതത്തിൽ അതുവരെ സ്വയം ചോദിച്ചു കൊണ്ടിരുന്ന പല ചോദ്യങ്ങൾക്കും ഉത്തരം തന്നത് ഈ ടെസ്റ്റ് റിസൾട്ട് ആയിരുന്നെന്നും ഗായിക പറഞ്ഞു. ഓട്ടിസത്തെ കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കാനാണ് ഇത് തുറന്നു പറയുന്നതെന്നും താരം വ്യക്തമാക്കി.
"ഓട്ടിസം ഉണ്ടെന്ന് ഉറപ്പിക്കാനായി ഞാൻ മൂന്ന് ടെസ്റ്റുകളാണ് നടത്തിയത്. ഒടുവിൽ രോഗം കണ്ടെത്തി. അതും ഏറെ വൈകിയാണ് കണ്ടെത്തിയത്. അതെ ഹൈലി മാസ്കിങ് ഓട്ടിസ്റ്റിക് അഡൾട്ട് ആണ് ഞാൻ. ഇവരെന്താണ് ഈ പറയുന്നത്. കണ്ടാൽ ഓട്ടിസം ഉണ്ടെന്ന് തോന്നുന്നില്ലല്ലോ എന്നൊക്കെ ചിലർ ചോദിക്കും. എല്ലാ മനുഷ്യരും ഏതെങ്കിലും രീതിയിൽ ഓട്ടിസ്റ്റിക് ആണെന്ന് ചിലർ പറയാറുണ്ട്. ഒരിക്കലും അതങ്ങനെ അല്ല. ഒന്നുകിൽ നിങ്ങൾ ഓട്ടിസ്റ്റിക് ആയിരിക്കും അല്ലെങ്കിൽ അല്ലായിരിക്കും. വ്യത്യസ്തമായ രീതിയിൽ ലോകത്തെ കാണുകയും അറിയുകയും ചെയ്യുന്നൊരു കാര്യമാണത്. ഓട്ടിസ്റ്റിക് ആണെന്ന് കണ്ടെത്തിയ നിമിഷം എന്റെ ജീവിതത്തിലെ ഞാൻ ചോദിച്ച നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരമായിരുന്നു. എന്തുകൊണ്ടാണ് പല കാര്യങ്ങളിലും വൈകാരികമായി പ്രതികരിച്ചു കൊണ്ടിരുന്നതെന്ന് മനസിലായി. അത്തരത്തിൽ നിരവധി ചോദ്യങ്ങൾ. ഓട്ടിസ്റ്റിക്കായവർ അനുഭവിക്കുന്ന കഷ്ടപ്പാടുകളൊന്നും ആരും അറിയുന്നില്ല. പുറത്തു കാണാൻ സാധിക്കയും ഇല്ല"- എന്നാണ് ജ്യോത്സന പറഞ്ഞത്.