തോമസ് കപ്പിൽ ഇന്ത്യക്കു മിന്നും തുടക്കം; കാനഡയെ 4-1ന് തകർത്തു

2022-ലെ തോമസ് കപ്പ് ചാമ്പ്യന്മാരായ ഇന്ത്യ, ഗ്രൂപ്പ് എയിൽ ചൈന, ഓസ്‌ട്രേലിയ എന്നീ ടീമുകൾക്കൊപ്പമാണ് മത്സരിക്കുന്നത്

Apr 24, 2026 - 21:30
Apr 24, 2026 - 21:30
 0
തോമസ് കപ്പിൽ ഇന്ത്യക്കു മിന്നും തുടക്കം; കാനഡയെ 4-1ന് തകർത്തു

ഹോർസെൻസ്: തോമസ് കപ്പ് ബാഡ്മിന്റൺ ഫൈനൽസിൽ വിജയത്തുടക്കവുമായി നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ. ആദ്യ ഗ്രൂപ്പ് മത്സരത്തിൽ കാനഡയെ 4-1 എന്ന സ്കോറിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ലക്ഷ്യ സെന്നിന്റെ അപ്രതീക്ഷിത തോൽവിയോടെ തുടങ്ങിയ ഇന്ത്യ പിന്നീട് കരുത്തുറ്റ തിരിച്ചുവരവാണ് നടത്തിയത്.

2022-ലെ തോമസ് കപ്പ് ചാമ്പ്യന്മാരായ ഇന്ത്യ, ഗ്രൂപ്പ് എയിൽ ചൈന, ഓസ്‌ട്രേലിയ എന്നീ ടീമുകൾക്കൊപ്പമാണ് മത്സരിക്കുന്നത്. ആദ്യ സിംഗിൾസ് പോരാട്ടത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ ലക്ഷ്യ സെൻ കാനഡയുടെ വിക്ടർ ലായിയോട് തോൽവി വഴങ്ങി. ആദ്യ സെറ്റ് 21-18ന് നേടിയ ലക്ഷ്യയ്ക്ക് പിന്നീട് പിടിച്ചുനിൽക്കാനായില്ല (സ്കോർ: 21-18, 19-21, 10-21).

പുരുഷ ഡബിൾസിൽ സാത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി സഖ്യം ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചു. ജൊനാതൻ ബിങ് ടിസാൻ ലായ്-കെവിൻ ലീ സഖ്യത്തെ 21-10, 21-11 എന്ന സ്കോറിന് തകർത്താണ് ഇവർ ഇന്ത്യക്ക് സമനില സമ്മാനിച്ചത്. 20 വയസ്സുകാരനായ ആയുഷ് ഷെട്ടി ബ്രിയാൻ യങ്ങിനെ നേരിട്ടുള്ള സെറ്റുകൾക്ക് (21-13, 21-17) പരാജയപ്പെടുത്തി ഇന്ത്യക്ക് ലീഡ് നൽകി.

രണ്ടാം ഡബിൾസിൽ ഹരിഹരൻ അംശകരുണൻ-എം.ആർ. അർജുൻ സഖ്യം അലക്‌സാണ്ടർ ലിൻഡ്മാൻ-നിൽ യകുറ സഖ്യത്തെ (21-7, 21-15) അനായാസം വീഴ്ത്തി. വെറ്ററൻ താരം കിഡംബി ശ്രീകാന്ത് ജോഷ്വ എൻഗുയനെ (21-17, 21-12) പരാജയപ്പെടുത്തിയതോടെ ഇന്ത്യയുടെ വിജയം പൂർണ്ണമായി.

What's Your Reaction?

like

dislike

love

funny

angry

sad

wow