മണിപ്പൂരിൽ വീണ്ടും ചോരപ്പുഴ; ഉഖ്‌റൂളിൽ നാഗാ-കുക്കി സംഘർഷം, മൂന്ന് മരണം

Apr 24, 2026 - 21:43
Apr 24, 2026 - 21:44
 0
മണിപ്പൂരിൽ വീണ്ടും ചോരപ്പുഴ; ഉഖ്‌റൂളിൽ നാഗാ-കുക്കി സംഘർഷം, മൂന്ന് മരണം

മണിപ്പൂരിലെ ഉഖ്‌റൂൾ ജില്ലയിൽ കുക്കി, തങ്കുൽ നാഗ വിഭാഗങ്ങൾ തമ്മിലുണ്ടായ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെയോടെ ആരംഭിച്ച സംഘർഷത്തിൽ ഗ്രാമത്തിലെ നിരവധി വീടുകൾക്ക് തീയിട്ടു. കൊല്ലപ്പെട്ടവരിൽ രണ്ട് പേർ വില്ലേജ് വോളന്റിയർമാരാണെന്നും ഇവർ സൈനിക വേഷത്തിന് സമാനമായ വസ്ത്രങ്ങളാണ് ധരിച്ചിരുന്നതെന്നും പൊലീസ് അറിയിച്ചു. ഷോങ്ഫാൽ, മുള്ളം എന്നീ ഗ്രാമങ്ങൾക്ക് നേരെ പുലർച്ചെ നാഗാ വിഭാഗം ആക്രമണം നടത്തിയെന്ന് കുക്കി സംഘടനകൾ ആരോപിച്ചപ്പോൾ, തങ്ങളുടെ വോളന്റിയറെ കുക്കി വിഭാഗം പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്ന് നാഗാ സംഘടനകളും ആരോപിച്ചു.

കഴിഞ്ഞ ആഴ്ച ബിഷ്ണുപുരിൽ രണ്ട് കുട്ടികൾ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സംസ്ഥാനത്ത് വീണ്ടും സംഘർഷം കടുക്കുന്നത്. ബിഷ്ണുപുർ സംഭവത്തിൽ മൂന്ന് യുണൈറ്റഡ് കുക്കി നാഷണൽ ആർമി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 1992-ൽ ആയിരത്തിലധികം പേരുടെ മരണത്തിനിടയാക്കിയ കുക്കി-നാഗ കലാപത്തിന്റെ ഓർമ്മപ്പെടുത്തലായി പുതിയ സംഭവവികാസങ്ങൾ മാറുന്നത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. കുക്കി-മേയ്തേയ് കലാപത്തിൽ ഇതുവരെ 260-ലധികം പേർക്കാണ് മണിപ്പൂരിൽ ജീവൻ നഷ്ടപ്പെട്ടത്.

What's Your Reaction?

like

dislike

love

funny

angry

sad

wow