ഓസ്ട്രേലിയ: ഓസ്ട്രേലിയയിലെ വിക്ടോറിയന്‍ പാര്‍ലമെന്റില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് ഉജ്ജ്വലമായ സ്വീകരണവും പ്രത്യേക ആദരവും ലഭിച്ചു. ജൂണ്‍ 19ന് നടന്ന പാര്‍ലമെന്റ് സെഷനിലാണ് വീണാ ജോര്‍ജിനെ ആദരിച്ചത്. വിക്ടോറിയന്‍ പാര്‍ലമെന്റിലെ അപ്പര്‍ ഹൗസ് പ്രസിഡന്റ് ഷോണ്‍ ലീന്‍ സ്വീകരിച്ചു. സര്‍ക്കാര്‍ ചീഫ് വിപ്പ് ലീ ടാര്‍ലാമിസ് മന്ത്രി വീണാ ജോര്‍ജിന് പ്രത്യേക പുരസ്‌കാരം നല്‍കി ആദരിച്ചു. കേരളത്തിന്റെ ആരോഗ്യ മേഖലയിലെ പുരോഗതിക്കുള്ള ആദരവാണ് മന്ത്രിക്ക് നല്‍കിയത്. മഹാമാരി കാലത്ത് കേരളം കൈവരിച്ച നേട്ടങ്ങളും പരിഗണിച്ചു. ഒരു സംസ്ഥാന മന്ത്രിക്ക് ഇത്തരമൊരു ആദരവ് ലഭിക്കുന്നത് ആദ്യമായാണ്.
വിക്ടോറിയയും കേരളവും തമ്മിലുള്ള ആരോഗ്യ മേഖലയിലെ സഹകരണത്തിന്റെ അംഗീകാരമെന്ന നിലയിലാണ് മന്ത്രി വീണാ ജോർജിനെ വിക്ടോറിയൻ പാർലമെന്റ് സെഷനിൽ പ്രത്യേക അതിഥിയായി ക്ഷണിച്ചത്. കേരളത്തിന്റെ ആരോഗ്യ മേഖലയിലെ നേട്ടങ്ങൾക്കുള്ള ആഗോള അംഗീകാരമായി ഇത് മാറി.
വിക്ടോറിയൻ പ്രീമിയർ ജസിന്ത അലൻ, ഡെപ്യൂട്ടി പ്രീമിയർ ബെൻ കാരോൾ, ടൂറിസം മന്ത്രി സ്റ്റീവൻ ഡിംപൂലോസ്, ആരോഗ്യ മന്ത്രി മേരി ആൻ തോമസ് എന്നിവരുമായി മന്ത്രി വീണാ ജോർജ് കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചകൾ കേരളവും വിക്ടോറിയയും തമ്മിലുള്ള ആരോഗ്യ മേഖലയിലെ സഹകരണവും ബന്ധവും കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കും.
വിവിധ മേഖലകളിൽ, പ്രത്യേകിച്ച് ആരോഗ്യ രംഗത്ത് കേരളവും ഓസ്ട്രേലിയയും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള നിരവധി ചർച്ചകൾ ഈ സന്ദർശനത്തിൽ നടന്നു. ആരോഗ്യ മേഖലയിലെ അറിവുകൾ, സാങ്കേതികവിദ്യ, പരിശീലനം എന്നിവ കൈമാറുന്നതിലൂടെ ഇരു പ്രദേശങ്ങൾക്കും പരസ്പരം പ്രയോജനം നേടാൻ ഈ സന്ദർശനം വഴിയൊരുക്കും. കേരളത്തിന്റെ മന്ത്രിക്ക് ഓസ്ട്രേലിയയുടെ നിയമ നിർമ്മാണ സഭയിൽ ലഭിച്ച ഈ ആദരവ് ഓസ്ട്രേലിയയും കേരളവും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ സഹായിക്കും.