ഫ്ളോറിഡ: സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിച്ചു. പത്താം പരീക്ഷണ വിക്ഷേപണത്തിന് തയ്യാറെടുക്കവെയാണ് സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിച്ചത്. സ്‌പേസ്എക്‌സിന്റെ ബഹിരാകാശ ഗവേഷണ – പരീക്ഷണ ആസ്ഥാനമായ സ്റ്റാര്‍ബേസിലാണ് അപകടം.
ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. സ്റ്റാറ്റിക് ഫയര്‍ ടെസ്റ്റ് നടന്നുകൊണ്ടിരിക്കവേയായിരുന്നു റോക്കറ്റ് പൊട്ടിത്തെറിച്ച് തീഗോളമായി ആകാശത്തേക്കുയര്‍ന്നത്. വന്‍ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ജീവനക്കാരെല്ലാവരും സുരക്ഷിതരാണെന്ന് സ്‌പേസ് എക്‌സ് സമൂഹമാധ്യമമായ എക്‌സില്‍ അറിയിച്ചു.
സമീപത്തെ ജനവാസകേന്ദ്രങ്ങളില്‍ പ്രശ്‌നങ്ങളൊന്നുമില്ലെങ്കിലും സംഭവം നടന്നയിടത്തേക്ക് ജനങ്ങള്‍ കടന്നുചെല്ലാന്‍ ശ്രമിക്കരുതെന്ന് ഏലണ്‍ മസ്‌ക് മുന്നറിയിപ്പ് നല്‍കി. സ്‌പേസ്എക്‌സിന്റെ ചാന്ദ്ര-ചൊവ്വ ദൗത്യങ്ങളുടെ വിക്ഷേപണ വാഹനമാണ് സ്റ്റാര്‍ഷിപ്പ്. വിക്ഷേപണത്തറയില്‍ വച്ച് തന്നെ പൊട്ടിതീര്‍ക്കുകയായിരുന്നു. പൊട്ടിത്തെറിക്ക് പിന്നില്‍ സാങ്കേതിക തകരാറെന്നാണ് വിശദീകരണം.