ഉത്സവത്തിനിടെ ആനയിടഞ്ഞു; തിക്കിലും തിരക്കിലും പെട്ട് 2 സ്ത്രീകൾ മരിച്ചു 2 മരണം
പീതാംബരൻ, ഗോകുൽ എന്നീ ആനകളാണ് ഇടഞ്ഞോടിയത്.

കോഴിക്കോട്: ഉത്സവത്തിനിടെ ആനയിടഞ്ഞ് 2 പേര്‍ മരിച്ചു. കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ഉത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. കുറുവങ്ങാടി സ്വദേശികളായ ലീല, അമ്മുക്കുട്ടി എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും. നിരവധി പേർക്ക് പരിക്കേറ്റു.
ഇന്ന് വൈകുന്നേരം 6 മണിയോടെയാണ് സംഭവം. പരുക്കേറ്റ 30ഓളം പേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇതിൽ 5 പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഘോഷയാത്ര ക്ഷേത്ര പരിസരത്ത് എത്തിയപ്പോള്‍ വലിയ രീതിയില്‍ കരിമരുന്ന് പ്രയോഗം നടന്നിരുന്നു. പടക്കം പൊട്ടിയ ഉഗ്രശബ്ദത്തിലാണ് ആന ഇടഞ്ഞത്.
ഇടഞ്ഞ ആന മറ്റൊരാനയെ കുത്തുകയായിരുന്നു. പീതാംബരൻ, ഗോകുൽ എന്നീ ആനകളാണ് ഇടഞ്ഞോടിയത്. രണ്ട് ആനകളും ഓടിയതോടെ ക്ഷേത്ര പരിസരത്തുണ്ടായിരുന്നവർ പരിഭ്രാന്തരായി. അങ്ങനെ തിക്കിലും തിരക്കിലും പെട്ടാണ് അപകടം സംഭവിച്ചത്. ക്ഷേത്ര വളപ്പിന് പുറത്തേക്ക് ഓടിയ ആനകളെ പിന്നീട് തളച്ചു.
What's Your Reaction?






