ബസ് കാത്തുനിന്ന രണ്ട് സ്ത്രീകളെ പിക്കപ്പ് വാന്‍ ഇടിച്ചു, ദാരുണാന്ത്യം
ഡെലിവറി വാനിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് നിഗമനം

കൊല്ലം: കൊട്ടാരക്കരയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ബസ് കാത്തു നിന്ന രണ്ടു സ്ത്രീകളാണ് പിക്കപ്പ് വാന്‍ ഇടിച്ചു മരിച്ചത്. പനവേലി സ്വദേശികളായ സോണിയ, ശ്രീക്കുട്ടി എന്നിവരാണ് മരിച്ചത്. വിജയന്‍ എന്നൊരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ ചികിത്സയിലാണ്.
രാവിലെ 6.45 ഓടെയായിരുന്നു അപകടം. പനവേലി ഭാഗത്ത് ജോലിക്ക് പോകാനായി ബസ് കാത്തുനില്‍ക്കുകയായിരുന്ന യുവതികളുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ഇടിച്ചുകയറുകയായിരുന്നു. സോണിയ നഴ്‌സാണ്. അപകടമുണ്ടായ ഉടന്‍ തന്നെ സോണിയ മരിച്ചിരുന്നു.
ആശുപത്രിയില്‍ വെച്ചാണ് ശ്രീക്കുട്ടിയുടെ മരണം സംഭവിച്ചത്. രണ്ടു യുവതികളെയും ഇടിച്ച ഡെലിവറി വാന്‍ പിന്നീട് സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയും ഇടിച്ചിട്ടു. ഓട്ടോയ്ക്ക് സമീപമായിരുന്നു പരിക്കേറ്റ വിജയന്‍ നിന്നിരുന്നത്. ഡെലിവറി വാനിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് നിഗമനം.
What's Your Reaction?






