ഈ മരുന്ന് കൈവശമുള്ളവര്‍ ഉപയോഗിക്കരുത്, കേരളത്തിൽ വിതരണം നിർത്തി
സംസ്ഥാനത്ത് ഈ മരുന്ന് വിതരണം ചെയ്യുന്ന അഞ്ച് വിതരണക്കാർക്കും നിർദേശം നൽകിയിട്ടുണ്ട്

തിരുവനന്തപുരം: ഗുണനിലവാരമില്ലാത്തതും ലൈസൻസ് മരവിപ്പിക്കാൻ നടപടിയെടുത്തതുമായ രണ്ട് മരുന്ന് കമ്പനികളുടെ ഉത്പന്നങ്ങളുടെ വിതരണവും വിൽപ്പനയും കേരളത്തിൽ അടിയന്തരമായി നിർത്തിവെച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് പ്രവർത്തിക്കുന്ന ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ലൈസൻസ് മരവിപ്പിക്കാൻ തമിഴ്നാട് ഡ്രഗ്‌സ് കൺട്രോളർ നടപടി ആരംഭിച്ച സാഹചര്യത്തിൽ, ആ കമ്പനിയുടെ എല്ലാ മരുന്നുകളുടെയും വിതരണം കേരളത്തിൽ നിർത്തിവയ്പ്പിച്ചു.
ഗുജറാത്തിലെ Rednex Pharmaceuticals Pvt. Ltd. അഹമ്മദാബാദ് നിർമിച്ച Respifresh TR, 60ml syrup (ബാച്ച് നമ്പർ: R01GL2523) എന്ന മരുന്ന് ഗുണനിലവാരം ഇല്ലാത്തതാണെന്ന് ഗുജറാത്ത് ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചതിനെ തുടർന്ന് ഈ മരുന്നിന്റെ വിതരണവും വിൽപ്പനയും കേരളത്തിൽ നിർത്തിവെക്കാൻ ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് നിർദേശം നൽകി. സംസ്ഥാനത്ത് ഈ മരുന്ന് വിതരണം ചെയ്യുന്ന അഞ്ച് വിതരണക്കാർക്കും നിർദേശം നൽകിയിട്ടുണ്ട്.
ഈ മരുന്ന് കൈവശമുള്ളവർ ഉപയോഗിക്കരുത്. നിർദേശം ലംഘിച്ച് മരുന്ന് വിൽപ്പന നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഈ മരുന്നുകൾ സർക്കാർ ആശുപത്രികൾ വഴി വിതരണം ചെയ്യുന്നില്ല. കൂടാതെ, അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികൾക്ക് മരുന്ന് നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി.
What's Your Reaction?






