ആലുവ മണപ്പുറത്ത് ജനസാഗരം; പിതൃപുണ്യം തേടി ലക്ഷങ്ങൾ ബലിതർപ്പണം നടത്തി
മഹാദേവ ക്ഷേത്രത്തിൽ അർധരാത്രി ശിവരാത്രി വിളക്കും എഴുന്നള്ളിപ്പും പൂർത്തിയായതോടെ ഔദ്യോഗികമായി പിതൃകർമങ്ങൾ ആരംഭിച്ചു
ആലുവ: മഹാശിവരാത്രി നാളിൽ ഉപവാസത്തോടും ജാഗരണത്തോടും കൂടി നാടിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തിയ ജനലക്ഷങ്ങൾ ആലുവ മണപ്പുറത്ത് ബലിതർപ്പണം നടത്തി. പിതൃമോക്ഷ പുണ്യം തേടിയെത്തിയ വിശ്വാസികളുടെ വൻ തിരക്കാണ് പെരിയാറിന്റെ തീരത്ത് അനുഭവപ്പെട്ടത്.
മഹാദേവ ക്ഷേത്രത്തിൽ അർധരാത്രി ശിവരാത്രി വിളക്കും എഴുന്നള്ളിപ്പും പൂർത്തിയായതോടെ ഔദ്യോഗികമായി പിതൃകർമങ്ങൾ ആരംഭിച്ചു. എങ്കിലും വൈകിട്ടുതന്നെ പുഴയോരത്തെ ബലിത്തറകളിൽ തർപ്പണ ചടങ്ങുകൾ തുടങ്ങിയിരുന്നു. കുംഭത്തിലെ അമാവാസി ദിനമായ നാളെ രാവിലെ വരെ ചടങ്ങുകൾ തുടരും.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരുക്കിയ 116 ബലിത്തറകളിൽ മുന്നൂറോളം പുരോഹിതന്മാർ കർമങ്ങൾക്ക് നേതൃത്വം നൽകി. ക്ഷേത്ര ചടങ്ങുകൾക്ക് തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരി, മേൽശാന്തി മുല്ലപ്പിള്ളി ശങ്കരൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു.
ശ്രീനാരായണ ഗുരു സ്ഥാപിച്ച അദ്വൈതാശ്രമത്തിലും ആയിരക്കണക്കിന് ഭക്തർ ബലിതർപ്പണം നടത്തി. സെക്രട്ടറി സ്വാമി ധർമചൈതന്യ, മേൽശാന്തി പി.കെ. ജയന്തൻ, ജനറൽ കൺവീനർ വി.ഡി. രാജൻ എന്നിവർ ഇതിന് നേതൃത്വം നൽകി.
What's Your Reaction?



