ബംഗ്ലദേശിൽ ബി.എൻ.പി സഖ്യത്തിന് വൻ വിജയം; താരിഖ് റഹ്മാൻ പ്രധാനമന്ത്രിയാകും
വിദ്യാർത്ഥി പ്രക്ഷോഭത്തെത്തുടർന്ന് ഷെയ്ഖ് ഹസീനയ്ക്ക് രാജ്യം വിടേണ്ടി വന്നതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പാണിത്
ധാക്ക: വൻ ജനകീയ പ്രക്ഷോഭങ്ങൾക്കും രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും പിന്നാലെ ബംഗ്ലദേശിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിക്ക് (ബി.എൻ.പി) ഉജ്ജ്വല വിജയം. 300 അംഗ പാർലമെന്റിൽ ബി.എൻ.പി സഖ്യം 209 സീറ്റുകൾ നേടിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബിഎൻപി നേതാവും മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനുമായ താരിഖ് റഹ്മാൻ രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയാകും.
വിദ്യാർത്ഥി പ്രക്ഷോഭത്തെത്തുടർന്ന് ഷെയ്ഖ് ഹസീനയ്ക്ക് രാജ്യം വിടേണ്ടി വന്നതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. ഹസീനയുടെ പുറത്തുപോകലിന് പിന്നാലെ ഡോ. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരാണ് തിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിച്ചത്.
ആകെ 12.7 കോടി വോട്ടർമാരിൽ 44 ശതമാനവും 18-നും 37-നും ഇടയിൽ പ്രായമുള്ളവരായിരുന്നു. ഹസീനയുടെ ഭരണകാലത്ത് വോട്ട് രേഖപ്പെടുത്താൻ കഴിയാതിരുന്ന വലിയൊരു വിഭാഗം യുവാക്കൾ ഇത്തവണ പോളിംഗ് ബൂത്തിലെത്തി. തിരഞ്ഞെടുപ്പിനൊപ്പം തന്നെ നിർണ്ണായകമായ ഒരു ഹിതപരിശോധനയും രാജ്യത്ത് നടന്നു. ഭരണഘടനാ പരിഷ്കാരങ്ങൾ ലക്ഷ്യമിടുന്ന ‘ജൂലൈ ചാർട്ടർ’ നടപ്പാക്കണോ എന്ന കാര്യത്തിലാണ് ജനങ്ങൾ വിധി എഴുതിയത്.
വ്യാഴാഴ്ച രാവിലെ 7:30 മുതൽ വൈകിട്ട് 4:30 വരെയായിരുന്നു വോട്ടെടുപ്പ്. രാത്രിയോടെ വോട്ടെണ്ണൽ ആരംഭിക്കുകയും ബിഎൻപി സഖ്യം ഭൂരിപക്ഷം ഉറപ്പാക്കുകയുമായിരുന്നു. വർഷങ്ങൾ നീണ്ട അവാമി ലീഗ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് ബിഎൻപി അധികാരത്തിലേക്ക് തിരിച്ചെത്തുന്നത്.
What's Your Reaction?



