ബംഗ്ലാദേശിൽ പുതിയ സർക്കാർ അധികാരത്തിലേക്ക്; സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഓം ബിർള പങ്കെടുക്കും
സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബംഗ്ലാദേശ് ഭരണകൂടം ഔദ്യോഗികമായി ക്ഷണിച്ചിരുന്നു
ന്യൂഡൽഹി: ബംഗ്ലാദേശിൽ താരിഖ് റഹ്‌മാന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേൽക്കുന്ന ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക്‌സഭാ സ്പീക്കർ ഓം ബിർള പങ്കെടുക്കും. ഫെബ്രുവരി 17-ന് (ചൊവ്വാഴ്ച) ബംഗ്ലാദേശ് പാർലമെന്റിലെ സൗത്ത് പ്ലാസയിൽ വെച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്.
സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബംഗ്ലാദേശ് ഭരണകൂടം ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച മറ്റ് തിരക്കുകൾ കാരണം അദ്ദേഹം ചടങ്ങിൽ പങ്കെടുക്കില്ല. മുംബൈയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി നടക്കുന്ന ഉഭയകക്ഷി ചർച്ചയും, തുടർന്ന് ഡൽഹിയിൽ നടക്കുന്ന എഐ (AI) ഉച്ചകോടിയുടെ അധ്യക്ഷ പദവിയും ഉള്ളതിനാലാണ് അദ്ദേഹം യാത്ര ഒഴിവാക്കിയത്.
300 അംഗ പാർലമെന്റിൽ പകുതിയിലധികം സീറ്റുകൾ നേടിയാണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (BNP) അധികാരത്തിലെത്തുന്നത്. ജമാഅത്തെ ഇസ്‌ലാമി നേതൃത്വം നൽകുന്ന സഖ്യമായിരിക്കും പ്രതിപക്ഷ നിരയിലുണ്ടാകുക. ഇന്ത്യയെ കൂടാതെ ചൈന, പാകിസ്താൻ തുടങ്ങി 13 രാജ്യങ്ങളിലെ നേതാക്കളെ ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
അയൽരാജ്യമായ ബംഗ്ലാദേശിലെ പുതിയ ഭരണമാറ്റം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നയതന്ത്രപരമായി ഏറെ പ്രാധാന്യമുള്ളതാണ്. സ്പീക്കർ ഓം ബിർളയുടെ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ സുദൃഢമാക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം വിലയിരുത്തുന്നത്.
What's Your Reaction?



