ഹസ്തദാനം ഇല്ല, മുഖത്തേക്കു നോക്കാതെ സൂര്യകുമാർ യാദവും സൽമാൻ ആഗയും
മത്സരത്തിൽ ടോസ് വിജയിച്ച പാക് നായകൻ സൽമാൻ അലി ആഗ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു
കൊളംബോ: ടി20 ലോകകപ്പിലെ മഹാപോരാട്ടത്തിന് കൊളംബോയിൽ തുടക്കമായപ്പോൾ മൈതാനത്ത് ദൃശ്യമായത് കടുത്ത വൈരത്തിന്റെ ദൃശ്യങ്ങൾ. ടോസ് സമയത്ത് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവും പാക് നായകൻ സൽമാൻ അലി ആഗയും പരസ്പരം മുഖത്തോടുമുഖം നോക്കാനോ ഹസ്തദാനം ചെയ്യാനോ തയ്യാറായില്ല. പഹൽഗാം ഭീകരാക്രമണത്തിനും ഇന്ത്യൻ സൈന്യത്തിന്റെ 'ഓപ്പറേഷൻ സിന്ദൂറിനും' ശേഷം ഇരുടീമുകളും തമ്മിലുള്ള കടുത്ത നയതന്ത്ര അകൽച്ച ക്രിക്കറ്റ് മൈതാനത്തും പ്രകടമാവുകയാണ്.
മത്സരത്തിൽ ടോസ് വിജയിച്ച പാക് നായകൻ സൽമാൻ അലി ആഗ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. ടോസ് സമയത്തെ ഹസ്തദാനത്തെക്കുറിച്ച് വാർത്താസമ്മേളനത്തിൽ ചോദ്യമുയർന്നപ്പോൾ, "കുറച്ചുനേരം കൂടി കാത്തിരിക്കൂ" എന്നായിരുന്നു സൂര്യകുമാർ യാദവിന്റെ നിഗൂഢമായ മറുപടി. ഏഷ്യാ കപ്പിലെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഇരുടീമുകളും ഹസ്തദാനം ഒഴിവാക്കിയിരുന്നു.
പാകിസ്താനെതിരെയുള്ള നിർണ്ണായക മത്സരത്തിൽ ഇന്ത്യൻ ടീമിൽ പ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങൾ മാറി ഓപ്പണർ അഭിഷേക് ശർമ ടീമിൽ തിരിച്ചെത്തി. അഭിഷേക് എത്തിയതോടെ മലയാളി താരം സഞ്ജു സാംസണ് പ്ലേയിങ് ഇലവനിൽ സ്ഥാനം നഷ്ടമായി. കൊളംബോയിലെ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ കുൽദീപ് യാദവിനെ ടീമിൽ ഉൾപ്പെടുത്തി.
ഇന്ത്യയുടെ പ്ലേയിങ് ഇലവൻ- അഭിഷേക് ശർമ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര.
What's Your Reaction?



