വിജയത്തിനിടയിലും പഞ്ചാബ് ക്യാമ്പിൽ ആശങ്ക; നായകൻ ശ്രേയസ് അയ്യർക്ക് 12 ലക്ഷം രൂപ പിഴ
ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.22 പ്രകാരമാണ് ശിക്ഷാ നടപടി സ്വീകരിച്ചിരിക്കുന്നത്
ചണ്ഡീഗഢ്: ഐ.പി.എൽ 2026-ൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ ആവേശപ്പോരാട്ടത്തിൽ കിങ്‌സ് ഇലവൻ പഞ്ചാബിന് മിന്നും ജയം. എന്നാൽ വിജയത്തിന് പിന്നാലെ നായകൻ ശ്രേയസ് അയ്യർക്ക് ബിസിസിഐയുടെ കനത്ത തിരിച്ചടി. മത്സരത്തിലെ സ്ലോ ഓവർ റേറ്റിന്റെ (കുറഞ്ഞ ഓവർ നിരക്ക്) പേരിൽ അയ്യർക്ക് 12 ലക്ഷം രൂപ പിഴ ചുമത്തി.
ക്യാപ്റ്റൻസി മികവ് കൊണ്ട് ശ്രദ്ധേയനായെങ്കിലും കൃത്യസമയത്ത് ഓവറുകൾ പൂർത്തിയാക്കാൻ കഴിയാത്തതാണ് അയ്യർക്ക് വിനയായത്. ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.22 പ്രകാരമാണ് ശിക്ഷാ നടപടി സ്വീകരിച്ചിരിക്കുന്നത്.
ഈ സീസണിൽ കിങ്‌സ് ഇലവൻ പഞ്ചാബ് നടത്തുന്ന ആദ്യ നിയമലംഘനമായതിനാലാണ് പിഴ തുക 12 ലക്ഷം രൂപയിൽ ഒതുങ്ങിയത്. കഴിഞ്ഞ സീസണിലും സ്ലോ ഓവർ റേറ്റിന്റെ പേരിൽ ശ്രേയസ് അയ്യർക്ക് രണ്ട് തവണ പിഴയൊടുക്കേണ്ടി വന്നിരുന്നു. രണ്ടാം തവണ 24 ലക്ഷം രൂപയായിരുന്നു ശിക്ഷ.
ഈ സീസണിൽ ഇതേ തെറ്റ് ആവർത്തിച്ചാൽ പിഴ തുക വർദ്ധിക്കുമെന്ന് മാത്രമല്ല, ക്യാപ്റ്റന് ഒരു മത്സരത്തിൽ നിന്ന് സസ്പെൻഷൻ വരെ നേരിടേണ്ടി വരുമെന്ന് ബിസിസിഐ വ്യക്തമാക്കി. ഗുജറാത്ത് ടൈറ്റൻസിനെ നാല് വിക്കറ്റിനാണ് പഞ്ചാബ് പരാജയപ്പെടുത്തിയത്. ബാറ്റിംഗിലും ഫീൽഡിംഗ് വിന്യാസത്തിലും ശ്രേയസ് അയ്യർ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും സമയക്രമം പാലിക്കുന്നതിൽ പരാജയപ്പെട്ടു.
What's Your Reaction?