20 ടീമുകള്‍, 55 മത്സരങ്ങള്‍, ടി20 ലോകകപ്പില്‍ ആദ്യമായി കളിക്കാന്‍ ഇറ്റലി

മാർച്ച് എട്ട് വരെ നീണ്ടുനിൽക്കുന്ന ക്രിക്കറ്റ് മാമാങ്കത്തിൽ ആകെ 55 മത്സരങ്ങളാണുള്ളത്

Feb 5, 2026 - 19:36
Feb 5, 2026 - 19:36
 0
20 ടീമുകള്‍, 55 മത്സരങ്ങള്‍, ടി20 ലോകകപ്പില്‍ ആദ്യമായി കളിക്കാന്‍ ഇറ്റലി

ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന പത്താമത് ടി20 ലോകകപ്പിന് ഫെബ്രുവരി ഏഴ് ശനിയാഴ്ച തുടക്കമാകുന്നു. ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ഈ ടൂർണമെന്റിൽ നിലവിലെ ചാംപ്യന്മാരായ ഇന്ത്യ കിരീടം നിലനിർത്താനുള്ള പോരാട്ടത്തിനാണ് ഇറങ്ങുന്നത്. മാർച്ച് എട്ട് വരെ നീണ്ടുനിൽക്കുന്ന ക്രിക്കറ്റ് മാമാങ്കത്തിൽ ആകെ 55 മത്സരങ്ങളാണുള്ളത്.

നാല് ഗ്രൂപ്പുകളിലായി അഞ്ച് ടീമുകൾ വീതമാണ് മാറ്റുരയ്ക്കുന്നത്.

ഗ്രൂപ്പ് എ: ഇന്ത്യ, പാകിസ്ഥാൻ, യുഎസ്എ, നെതർലൻഡ്‌സ്, നമീബിയ.

ഗ്രൂപ്പ് ബി: ശ്രീലങ്ക, ഓസ്‌ട്രേലിയ, അയർലൻഡ്, സിംബാബ്‌വെ, ഒമാൻ.

ഗ്രൂപ്പ് സി: ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, നേപ്പാൾ, ഇറ്റലി, സ്‌കോട്‌ലൻഡ്.

ഗ്രൂപ്പ് ഡി: ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ, കാനഡ, യുഎഇ.

യൂറോപ്യൻ കരുത്തുമായി എത്തുന്ന ഇറ്റലി ഇതാദ്യമായാണ് ടി20 ലോകകപ്പ് കളിക്കുന്നത്. പാകിസ്ഥാൻ ടീം ഇന്ത്യയിൽ കളിക്കാൻ വിസമ്മതിച്ചതിനാലാണ് ശ്രീലങ്കയെ കൂടി സഹ-ആതിഥേയരായി തെരഞ്ഞെടുത്തത്. ഇന്ത്യയിൽ മുംബൈ, ഡൽഹി, ചെന്നൈ, അഹമ്മദാബാദ്, കൊൽക്കത്ത, ശ്രീലങ്കയിൽ കൊളംബോ (രണ്ട് സ്റ്റേഡിയങ്ങൾ), പല്ലക്കീൽ (കാൻഡി) എന്നിവിടങ്ങളില്‍ മത്സരങ്ങള്‍ നടക്കും. 

ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ അപ്രതീക്ഷിത നടപടിയിലൂടെ ഐ.സി.സി (ICC) ബംഗ്ലാദേശിനെ പുറത്താക്കി. ഇന്ത്യയിൽ കളിക്കാൻ സാധിക്കില്ലെന്ന ബംഗ്ലാദേശിന്റെ കർശന നിലപാടാണ് ഇതിന് കാരണം. അവർക്ക് പകരം സ്‌കോട്‌ലൻഡിന് ലോകകപ്പിൽ കളിക്കാൻ അവസരം ലഭിച്ചു. 2009-ൽ സിംബാബ്‌വെയ്ക്ക് പകരമായി സ്‌കോട്‌ലൻഡ് കളിച്ച ചരിത്രം ആവർത്തിക്കപ്പെടുകയാണ്.

ഇന്ത്യ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് ഈ മൂന്ന് ടീമുകളും രണ്ട് തവണ വീതം കിരീടം നേടിയിട്ടുണ്ട്. 2024-ൽ കിരീടം നേടിയ ഇന്ത്യയാണ് ഡിഫൻഡിംഗ് ചാമ്പ്യന്മാർ.  പാകിസ്ഥാൻ (2009), ശ്രീലങ്ക (2014), ഓസ്‌ട്രേലിയ (2021) എന്നിവരാണ് മറ്റ് ജേതാക്കള്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow