ധോണിക്ക് പരിക്ക്; ആദ്യ ആറ് മത്സരങ്ങളിൽ സഞ്ജു സാംസൺ വിക്കറ്റ് കീപ്പറാകും

44 വയസ്സുകാരനായ ധോണിക്ക് കാല്മുട്ടിനേറ്റ പഴയ പരിക്ക് വീണ്ടും വില്ലനാകുകയായിരുന്നു

Mar 29, 2026 - 19:20
Mar 29, 2026 - 19:21
 0
ധോണിക്ക് പരിക്ക്; ആദ്യ ആറ് മത്സരങ്ങളിൽ സഞ്ജു സാംസൺ വിക്കറ്റ് കീപ്പറാകും

ചെന്നൈ: ഐ.പി.എൽ സീസൺ ആവേശകരമായി മുന്നേറുന്നതിനിടെ ചെന്നൈ സൂപ്പർ കിങ്‌സിന് കനത്ത തിരിച്ചടിയായി എം.എസ്. ധോണിയുടെ പരിക്ക്. പരിശീലനത്തിനിടെ പരിക്കേറ്റ ധോണിക്ക് സീസണിലെ ആദ്യ ആറ് മത്സരങ്ങൾ നഷ്ടമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ധോണിയുടെ അഭാവത്തിൽ വിക്കറ്റ് കീപ്പറുടെ ചുമതല മലയാളി താരം സഞ്ജു സാംസൺ ഏറ്റെടുക്കും.

44 വയസ്സുകാരനായ ധോണിക്ക് കാല്മുട്ടിനേറ്റ പഴയ പരിക്ക് വീണ്ടും വില്ലനാകുകയായിരുന്നു. ഏപ്രിൽ അവസാനത്തോടെ മാത്രമേ താരം പൂർണ്ണ കായികക്ഷമത കൈവരിക്കൂ എന്നാണ് സൂചന. ടീമിലേക്ക് തിരിച്ചെത്തിയാലും ഫീൽഡിംഗിന് ഇറങ്ങാതെ 'ഇംപാക്ട് സബ്' ആയി ബാറ്റിംഗിൽ മാത്രം ധോണി ശ്രദ്ധ കേന്ദ്രീകരിച്ചേക്കും.

രാജസ്ഥാൻ റോയൽസിൽ നിന്ന് 18 കോടി രൂപയ്ക്കാണ് ഈ സീസണിൽ സഞ്ജുവിനെ ചെന്നൈ സ്വന്തമാക്കിയത്. നാളെ ഗുവാഹത്തിയിൽ നടക്കുന്ന ചെന്നൈയുടെ ആദ്യ മത്സരത്തിൽ സഞ്ജു ഗ്ലൗസ് അണിയും. സഞ്ജുവിനെ കൂടാതെ 14.20 കോടി രൂപയ്ക്ക് ലേലത്തിൽ പിടിച്ച കാർത്തിക് ശർമ്മയും സിഎസ്‌കെ നിരയിലുണ്ട്. എങ്കിലും വിക്കറ്റ് കീപ്പിംഗിൽ സഞ്ജുവിനാണ് മുൻഗണന.

തുടർച്ചയായ പരിക്കുകൾ അലട്ടുന്നത് ധോണിയുടെ കരിയറിനെ ബാധിച്ചിട്ടുണ്ട്. ഇത് താരത്തിന്റെ അവസാന ഐപിഎൽ സീസണായിരിക്കുമെന്ന ചർച്ചകൾ ഇതോടെ സജീവമായി. ധോണിയുടെ അഭാവം ടീമിനെ മാനസികമായി ബാധിക്കാതിരിക്കാൻ സഞ്ജുവിനെപ്പോലെയുള്ള പരിചയസമ്പന്നരായ താരങ്ങളെ മുൻനിർത്തി മുന്നോട്ട് പോകാനാണ് മാനേജ്‌മെന്റ് ലക്ഷ്യമിടുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow