'എന്നെ വേട്ടയാടാൻ ചിലർ ശ്രമിക്കുന്നു'; 11 വയസ്സുള്ള കുട്ടിയുടെ അമ്മയായിട്ടാണ് കിച്ചുവിനെ സ്വീകരിച്ചതെന്ന് രേണു; വൈകാരിക പ്രതികരണം

സുധിയുടെ മരണശേഷം കുടുംബത്തിനുണ്ടായ വിള്ളലുകളെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്

Mar 29, 2026 - 19:15
Mar 29, 2026 - 19:15
 0
'എന്നെ വേട്ടയാടാൻ ചിലർ ശ്രമിക്കുന്നു'; 11 വയസ്സുള്ള കുട്ടിയുടെ അമ്മയായിട്ടാണ് കിച്ചുവിനെ സ്വീകരിച്ചതെന്ന് രേണു; വൈകാരിക പ്രതികരണം

കൊച്ചി: അന്തരിച്ച നടൻ കൊല്ലം സുധിയുടെ കുടുംബാംഗങ്ങൾക്കിടയിലെ ഭിന്നത പരസ്യമാകുന്നു. സുധിയുടെ മകൻ രാഹുൽ (കിച്ചു) പങ്കുവെച്ച വീഡിയോയ്ക്ക് പിന്നാലെ, മറുപടിയുമായി സുധിയുടെ പത്നി രേണു സുധി രംഗത്തെത്തി. താൻ അനുഭവിച്ച കഷ്ടപ്പാടുകൾ ഇതുവരെ പുറത്തുപറഞ്ഞിട്ടില്ലെന്നും തന്നെ തകർക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുന്നുണ്ടെന്നും രേണു സോഷ്യൽ മീഡിയ വീഡിയോയിലൂടെ വ്യക്തമാക്കി.

സുധിയുടെ മരണശേഷം കുടുംബത്തിനുണ്ടായ വിള്ളലുകളെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. കിച്ചുവിന്റെ പേര് നേരിട്ട് പരാമർശിക്കാതെയാണ് രേണു തന്റെ ഭാഗം വിശദീകരിച്ചത്. നിലവിൽ ദുബായിലുള്ള രേണു, താൻ നേരിടുന്ന മാനസിക വിഷമങ്ങളെക്കുറിച്ച് മനസ്സ് തുറന്നു.

സോഷ്യൽ മീഡിയയിൽ തന്നെ വ്യക്തിഹത്യ ചെയ്യാൻ ഒരു സ്ത്രീ ബോധപൂർവ്വം ശ്രമിക്കുന്നുണ്ടെന്നും അതിന്റെ ഭാഗമായാണ് ഈ പ്രശ്നങ്ങളെല്ലാം ഉണ്ടായതെന്നും രേണു ആരോപിക്കുന്നു. 23-24 വയസ്സുള്ളപ്പോൾ തന്നെ 11 വയസ്സുള്ള കുട്ടിയുടെ (കിച്ചു) അമ്മയായി താൻ മാറി. ഇന്നുവരെ ആ കുട്ടിയെ ഉപദ്രവിച്ചിട്ടില്ല. സുധി ജീവിച്ചിരുന്നപ്പോൾ തന്നെ പലരിൽ നിന്നും കുട്ടിക്ക് ഉണ്ടായ മോശം അനുഭവങ്ങളെക്കുറിച്ച് താൻ കേട്ടിട്ടുണ്ടെന്നും രേണു പറഞ്ഞു.

കഴിഞ്ഞ ദിവസം വരെയും കിച്ചുവുമായി ബന്ധപ്പെടുകയും ആവശ്യമായ കാര്യങ്ങൾ ചെയ്തു നൽകുകയും ചെയ്തിരുന്ന അമ്മയാണ് താൻ. പെട്ടെന്ന് എന്ത് സംഭവിച്ചു എന്ന് തനിക്കറിയില്ല. തന്റെ ജീവിതകഥ പറയാൻ തുടങ്ങിയാൽ അത് തീരില്ലെന്നും തന്നെക്കൊണ്ട് കൂടുതൽ പറയിപ്പിക്കരുതെന്നും രേണു വീഡിയോയിൽ മുന്നറിയിപ്പ് നൽകുന്നു.

വാഹനാപകടത്തിൽ കൊല്ലം സുധി മരിച്ചതിന് ശേഷം രേണുവും സുധിയുടെ ആദ്യ വിവാഹത്തിലെ മകൻ കിച്ചുവും ഒരേ വീട്ടിലായിരുന്നു താമസം. കഴിഞ്ഞ ദിവസങ്ങളിൽ കിച്ചു പങ്കുവെച്ച വീഡിയോയിൽ താൻ നേരിട്ട ചില ദുരനുഭവങ്ങളെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ഇതാണ് ഇപ്പോൾ പുതിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുന്നത്. സുധിയുടെ ആരാധകർക്കിടയിൽ ഈ വിഷയം വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow