'വിലായത്ത് ബുദ്ധ' പൂർത്തിയായി; റിലീസ് ഉടനെ  

എംബുരാൻ പൂർത്തിയാക്കിക്കൊണ്ടാണ് വിലായത്ത് ബുദ്ധയിലെ ഡബിൾ മോഹൻ എന്ന ചന്ദന കള്ളക്കടത്തുകാരനെ അവതരിപ്പിക്കാനായി പൃഥ്വിരാജ് മറയൂരിലെ ലൊക്കേഷനിൽ എത്തിയത്.

Mar 11, 2025 - 22:56
Mar 11, 2025 - 23:05
 0  4
'വിലായത്ത് ബുദ്ധ' പൂർത്തിയായി; റിലീസ് ഉടനെ  

കൊച്ചി: ഉർവ്വശി തീയേറ്റേഴ്സിൻ്റെ ബാനറിൽ സന്ധീപ് സേനൻ നിർമ്മിച്ച് ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നു. വിവിധ ഷെഡ്യൂളകളിലായി നൂറ്റി ഇരുപതോളം ദിവസം നീണ്ടുനിന്ന ചിത്രീകരണത്തോടെയാണ് ചിത്രീകരണം പൂർത്തിയായത്.

ചിത്രീകരണത്തിനിടയിൽ നടൻ പൃഥ്വിരാജിന്റെ കാലിനു പരുക്ക് പറ്റിയതിനാലാണ് ഇടക്ക് ബ്രേക്കു ചെയ്യേണ്ടിവന്നതെന്നും നടന്റെ പരുക്ക് പൂർണ്ണമായും ഭേദപ്പെട്ടതോടെ ചിത്രീകരണം വീണ്ടും ആരംഭിക്കുകയായിരുന്നുവെന്നും നിർമ്മാതാവ് സന്ധീപ് സേനൻ വ്യക്തമാക്കി.

ഇതിനിടയിൽ എംബുരാൻ പൂർത്തിയാക്കിക്കൊണ്ടാണ് വിലായത്ത് ബുദ്ധയിലെ ഡബിൾ മോഹൻ എന്ന ചന്ദന കള്ളക്കടത്തുകാരനെ അവതരിപ്പിക്കാനായി പൃഥ്വിരാജ് മറയൂരിലെ ലൊക്കേഷനിൽ എത്തിയത്. മറയൂർ, ചെറുതോണി, പാലക്കാട്, നെല്ലിയാമ്പതി എന്നിവിടങ്ങളിലായിട്ടാണ് ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

സമീപകാല പൃഥ്വിരാജ് ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ദിവസം ചിത്രീകരിക്കുകയും കൂടുതൽ മുടക്കു മുതലുള്ളതുമായ ചിത്രമാണ് വിലായത്ത് ബുദ്ധ.

മറയൂരിലെ ചന്ദനക്കാടുകളെ എന്നും സംഘർഷഭരിതമാക്കുന്ന ചന്ദന മോഷ്ടാവ് ഡബിൾ മോഹൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മറയൂരിലെ മലമടക്കുകൾക്കിടയിൽ ലക്ഷണമൊത്ത ചന്ദനമരത്തെച്ചൊല്ലി ഗുരുവായ ഭാസ്ക്കരൻ മാഷും ഡബിൾ മോഹനും തമ്മിൽ നടത്തുന്ന യുദ്ധം അരങ്ങുതകർക്കുമ്പോൾ അത് കാത്തുവച്ച പ്രതികാരത്തിൻ്റെ ഭാഗം കൂടിയാകുകയാണ്.

രതിയും പ്രണയവും പകയുമൊക്കെ കൂടിച്ചേർന്ന അന്തരീക്ഷത്തിലൂടെയാണ് കഥാവികസനം. ഷമ്മി തിലകനാണ് ഭാസ്ക്കരൻ മാഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുറുക്കിച്ചുവന്ന പല്ലുകളും തീഷ്ണമായ ഭാവവും അലസമായ വേഷവിധാനവും മുഷിഞ്ഞ മുണ്ടും ഷർട്ടുമൊക്കെയായിട്ടാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന ഡബിൾ മോഹൻ എന്ന കഥാപാത്രത്തിൻ്റെ ഫസ്റ്റ് ലുക്കിൽ പുറത്തുവന്നത്.


ഇത് സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

അനുമോഹൻ, പ്രശസ്ത തമിഴ് നടൻ ടി.ജെ. അരുണാചലം, രാജശ്രീ നായർ എന്നിവരും പ്രധാന താരങ്ങളാണ്. പ്രിയംവദാ കൃഷ്ണനാണ് നായിക. എഴുത്തുകാരനായ ജി. ആർ. ഇന്ദുഗോപൻ്റെ പ്രശസ്തമായ വിലായത്ത് ബുദ്ധ എന്ന നോ വലിനെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന് ജി.ആർ.ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു.

ജെയ്ക്ക് ബിജോയ്സിൻ്റേതാണ് സംഗീതം. അരവിന്ദ് കശ്യപ്  ഛായാഗ്രഹണവും ശ്രീജിത്ത് ശ്രീരംഗ്-രണദേവ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.

കലാസംവിധാനം- ജിത്തു സെബാസ്റ്റ്യൻ.
മേക്കപ്പ്- മനുമോഹൻ.
കോസ്റ്റ്യം ഡിസൈൻ- സുജിത് സുധാകർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- കിരൺ റാഫേൽ.
അസ്സോസ്സിയേറ്റ് ഡയറക്ടേർസ്- മൺസൂർ റഷീദ്, വിനോദ് ഗംഗ, സഞ്ജയൻ മാർക്കോസ്.
പ്രൊജക്റ്റ് ഡിസൈനർ- മനു ആലുക്കൽ.
ലൈൻ പ്രൊഡ്യൂസർ- രഘു സുഭാഷ് ചന്ദ്രൻ.
എക്സിക്യട്ടീവ് - പ്രൊഡ്യൂസർ - സംഗീത് സേനൻ.
പ്രൊഡക്ഷൻ എക്സിക്യട്ടീവ്സ്- രാജേഷ് മേനോൻ, നോബിൾ ജേക്കബ്ബ്.
പ്രൊഡക്ഷൻ കൺട്രോളർ- അലക്സ്.ഇ. കുര്യൻ.
ഫോട്ടോ- സിനറ്റ് സേവ്യർ.
പി.ആർ.ഒ- വാഴൂർ ജോസ്.

പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലേയ്ക്കു കടന്ന ചിത്രം ഉർവ്വശി പിക്ച്ചേർസ് പ്രദർശനത്തിനെത്തിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow