പ്രധാന ക്ഷേമ പദ്ധതികൾക്ക് തിരിച്ചടി; വനിതാ ശിശു വികസന ഫണ്ടുകളിൽ 77.28 കോടി രൂപ വെട്ടിക്കുറച്ചു സംസ്ഥാന സർക്കാർ
സമീകൃതാഹാരം ഉറപ്പാക്കുന്നതിനായി മുട്ടയും പാലും നൽകുന്ന അംഗൻവാടി പോഷകാഹാര പദ്ധതി 61.5 കോടിയിൽ നിന്ന് 32.87 കോടിയായി വെട്ടിക്കുറച്ചു.

തിരുവനന്തപുരം: പദ്ധതി വിഹിതം കുറയ്ക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി കേരള സർക്കാർ വനിതാ-ശിശു വികസന വകുപ്പിന്റെ 2024-25ലെ ബജറ്റിൽ നിന്ന് 77.28 കോടി രൂപ വെട്ടിക്കുറച്ചുവെന്ന് റിപ്പോർട്ട്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പരാമർശിച്ചിരിക്കുന്നത്. അക്രമത്തിൽ നിന്ന് രക്ഷപ്പെടുന്നവരെ സംരക്ഷിക്കുന്നതിനും, നിരാലംബരായ സ്ത്രീകൾക്ക് അഭയം നൽകുന്നതിനും, കൗമാരക്കാരായ പെൺകുട്ടികളെ പിന്തുണയ്ക്കുന്നതിനും, അനാഥരായ കുട്ടികളെ സഹായിക്കുന്നതിനും തുടങ്ങി നിരവധി പദ്ധതികളെയാണ് ഈ ചിലവ് ചുരുക്കൽ സാരമായി ബാധിച്ചിരിക്കുന്നത്.
പീഡനത്തിനിരയായവർക്ക് സംരക്ഷണവും പുനരധിവാസവും വാഗ്ദാനം ചെയ്യുന്ന നിർഭയ പദ്ധതികളുടെ ബജറ്റ് 10 കോടിയിൽ നിന്ന് 9.02 കോടി രൂപയായിട്ടാണ് കുറച്ചത്. കൂടാതെ ഏറെ ആശങ്കാജനകമായി അക്രമത്തിൽ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകൾക്ക് സുരക്ഷിത ഇടങ്ങൾ നിർമ്മിക്കുന്നതിനായി വിഭാവനം ചെയ്ത നിർഭയ പാർപ്പിട പദ്ധതിയ്ക്ക് ബജറ്റിൽ വകമാറ്റിയിരുന്ന 1.5 കോടി രൂപ പൂർണ്ണമായും പിൻവലിക്കുകയും ചെയ്തു.
മാത്രമല്ല കൗമാരക്കാരായ പെൺകുട്ടികൾക്കുള്ള മാനസിക-സാമൂഹിക സേവനങ്ങൾക്കുള്ള വിഹിതത്തിൽ ഏകദേശം പകുതിയോളം രൂപയുടെ കുറവാണ് വന്നിട്ടുള്ളത്. അതായത് 51 കോടിയിൽ നിന്ന് 26.68 കോടി രൂപയായി ഇത് മാറിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നത്.
പീഡനത്തിന് ഇരയായവരെ സഹായിക്കുന്നതിനായി അനുവദിച്ചിരുന്ന ദുരിതാശ്വാസ ഫണ്ട് 3 കോടിയിൽ നിന്ന് 1.5 കോടിയായി കുറച്ചു. നിരാലംബരായ സ്ത്രീകൾക്കുള്ള 'എന്റെ കൂട്' ഷെൽട്ടർ പദ്ധതിക്കുള്ള വിഹിതം 60 ലക്ഷത്തിൽ നിന്ന് 43 ലക്ഷമായി കുറച്ചു.
അതേസമയം കുട്ടികളെ പോലും ഈ ചിലവ് ചുരുക്കൽ നയം സാരമായി ബാധിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. സമീകൃതാഹാരം ഉറപ്പാക്കുന്നതിനായി മുട്ടയും പാലും നൽകുന്ന അംഗൻവാടി പോഷകാഹാര പദ്ധതി 61.5 കോടിയിൽ നിന്ന് 32.87 കോടിയായി വെട്ടിക്കുറച്ചു.
കാവൽ, കരുതൽ, ശരണബാല്യം, ഭദ്രം, മാർഗജ്യോതി എന്നിവയുൾപ്പെടെ നിരവധി ശിശു സംരക്ഷണ സംരംഭങ്ങളുടെ സംയോജിത ബജറ്റ് 9 കോടിയിൽ നിന്ന് 7.4 കോടി രൂപയായി കുറച്ചു. പ്രസവാനുകൂല്യങ്ങളിലും ചിലവ് ചുരുക്കൽ നയം അവലംബിച്ചിട്ടുണ്ട്.ജോലി സ്ഥലത്തെ ക്രെഷ് (ശിശുസദനം) സൗകര്യങ്ങൾക്കുള്ള ധനസഹായം 2.2 കോടിയിൽ നിന്ന് വെറും 56 ലക്ഷം രൂപയായിട്ടാണ് കുറച്ചത്.
മാത്രമല്ല കോവിഡ് -19 മൂലം അനാഥരായ കുട്ടികൾക്കുള്ള സാമ്പത്തിക സഹായം ഒരു കോടിയിൽ നിന്ന് 48 ലക്ഷം രൂപയായി കുറച്ചു. സാമ്പത്തികമായി ഈ കുറവുകൾ താരതമ്യേന ചെറുതാണെന്ന് തോന്നുമെങ്കിലും അതിജീവനത്തിനായി ഈ പദ്ധതികളെ ആശ്രയിക്കുന്ന സമൂഹത്തിലെ ഏറ്റവും ദുർബലരായ ചില വിഭാഗങ്ങളെ ഇത് കാര്യമായി ബാധിക്കുമെന്ന കാര്യത്തിൽ തർക്കമില്ല എന്ന് കൂടെ പരാമർശിച്ചാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അവസാനിക്കുന്നത്.
What's Your Reaction?






