"ധീ" – രവിശങ്കർ വെങ്കിടേശ്വരന്റെ സംവിധാനത്തിൽ ആദ്യ സംസ്കൃത സയൻസ് ഫിക്ഷൻ സിനിമ!
ഇന്ത്യയിലെ തന്നെ പ്രമുഖ അനിമേഷൻ വിദഗ്ധർ ഉൾപ്പെടുന്ന ഒരു ശക്തമായ ടീം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നു

തിരുവനന്തപുരം: മലയാളികളുടെ നേതൃത്വത്തിൽ, സംസ്കൃത ഭാഷയിലൊരുക്കുന്ന ആദ്യ സയൻസ് ഫിക്ഷൻ അനിമേഷൻ സിനിമയായ “ധീ”യുടെ ഒരുക്കങ്ങൾ ആരംഭിച്ചു. “പുണ്യകോടി” എന്ന ഇന്ത്യയിലെ ആദ്യ സംസ്കൃത അനിമേഷൻ സിനിമയ്ക്ക് ശേഷം, അതേ ടീമിൽപ്പെടുന്ന രവിശങ്കർ വെങ്കിടേശ്വരൻ സംവിധാനം ചെയ്യുന്ന ഈ പുതിയ സിനിമ, പപ്പറ്റിക്ക മീഡിയയുടെ ബാനറിലാണ് പുറത്തിറങ്ങുന്നത്.
ആഗോള തലത്തിൽ പ്രശസ്തിയാർജ്ജിച്ച “പുണ്യകോടി”യ്ക്ക് പിന്നാലെ, ശാസ്ത്ര കല്പനയെ ആധാരമാക്കി സംസ്കൃതത്തിൽ ഒരുങ്ങുന്ന ആദ്യ സിനിമയായ “ധീ”, ഇന്ത്യൻ അനിമേഷൻ രംഗത്തിന് വലിയ മുന്നേറ്റമായി കണക്കാക്കുന്നു. സിനിമയുടെ മുഴുവൻ അണിയറ പ്രവർത്തകരും മലയാളികളായിരിക്കുന്നതും ശ്രദ്ധേയമാണ്.
30 വർഷത്തെ മീഡിയ, അനിമേഷൻ അനുഭവസമ്പത്തുള്ള മുൻ ഇൻഫോസിസ് ഉദ്യോഗസ്ഥൻ രവിശങ്കർ, ആധുനിക അനിമേഷൻ സാങ്കേതികവിദ്യകളും നിർമിത ബുദ്ധിയുമുപയോഗിച്ച് ഗുണമേന്മയാർന്ന നിർമ്മാണമാണ് ലക്ഷ്യമിടുന്നത്.
ഇന്ത്യയിലെ തന്നെ പ്രമുഖ അനിമേഷൻ വിദഗ്ധർ ഉൾപ്പെടുന്ന ഒരു ശക്തമായ ടീം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നു.
പപ്പറ്റിക്ക മീഡിയ, രാജ്യത്തെ മുൻനിര അനിമേഷൻ സ്റ്റുഡിയോകളിൽ ഒന്നായി മാറിയിരിക്കുന്നത്, ആധുനിക സാങ്കേതികതയുടെ സഹായത്തോടെ ഭാരതത്തിന്റെ തനതായ സംസ്കാരവും കലാരീതികളും ആഗോള മട്ടിൽ അവതരിപ്പിക്കുകയെന്ന ലക്ഷ്യമിട്ടു കൊണ്ടാണ്.
നിർമ്മാണത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ് “ധീ”. അന്താരാഷ്ട്ര തലത്തിൽ പ്രേക്ഷകരിലെത്തിക്കുന്നതിനായി, ഇന്ത്യയിലും വിദേശത്തുമുള്ള ഓ.ടി.ടി (OTT) പങ്കാളികളെയും സഹനിർമ്മാതാക്കളെയും സമീപിക്കുന്നതിനായി ടീം ശ്രമം തുടരുകയാണ്. വിവിധ രാജ്യങ്ങളിലെ അനിമേഷൻ ഇൻഡസ്ട്രികളിൽ നിന്ന് ലഭിക്കുന്ന പിന്തുണയ്ക്കും സാങ്കേതിക സഹകരണത്തിനും സംവിധായകൻ രവിശങ്കർ വെങ്കിടേശ്വരൻ നന്ദി അറിയിച്ചു.
“ധീ” ആഗോള മലയാളി സമൂഹത്തിനും ഭാരതീയ സംസ്കാരപ്രേമികൾക്കും അഭിമാനമായി മാറാനിരിക്കുന്ന പുതിയൊരു യാത്രയാകുമെന്നാണ് പ്രതീക്ഷ.
What's Your Reaction?






