പള്ളി സെമിത്തേരിയിൽ അതിക്രമിച്ചു കയറി റീൽസ് ചിത്രീകരണം; മൂന്ന് യുവാക്കൾ പിടിയിൽ
പൂന്തോപ്പ് സെന്റ് ഫ്രാൻസിസ് അസീസി പള്ളി സെമിത്തേരിയിൽ കഴിഞ്ഞ 20-ാം തീയതി പുലർച്ചെയായിരുന്നു സംഭവം
ആലപ്പുഴ: പള്ളി സെമിത്തേരിയിൽ അതിക്രമിച്ചു കയറി മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ റീൽസ് ചിത്രീകരിക്കുകയും ലഹരി ഉപയോഗിക്കുകയും ചെയ്ത മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടി. ആലപ്പുഴ നോർത്ത് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഘത്തിലുണ്ടായിരുന്ന ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്.
പൂന്തോപ്പ് സെന്റ് ഫ്രാൻസിസ് അസീസി പള്ളി സെമിത്തേരിയിൽ കഴിഞ്ഞ 20-ാം തീയതി പുലർച്ചെയായിരുന്നു സംഭവം. മതചിഹ്നങ്ങളെ അപമാനിക്കുന്ന രീതിയിലുള്ള ദൃശ്യങ്ങൾ പകർത്തിയതിനെത്തുടർന്ന് വലിയ പ്രതിഷേധമാണ് പ്രദേശത്തുണ്ടായത്. പൂന്തോപ്പ് സ്വദേശികളായ സച്ചിൻ, സഞ്ജയ്, വെള്ളക്കിണർ സ്വദേശി അൻസിൽ എന്നിവരെയാണ് പിടികൂടിയത്. നെഹർഷാദ് എന്ന യുവാവിനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.
കറുത്ത വസ്ത്രമണിഞ്ഞ് സെമിത്തേരിയിൽ അതിക്രമിച്ചു കയറിയ സംഘം കുരിശ് തലകീഴായി പിടിച്ചാണ് റീൽസ് ചിത്രീകരിച്ചത്. ഇത് മനപ്പൂർവ്വം മതവികാരം വ്രണപ്പെടുത്താനാണെന്ന് പൊലീസ് കണ്ടെത്തി. സെമിത്തേരിയിൽ ഇരുന്ന് സംഘം ലഹരിമരുന്ന് ഉപയോഗിച്ചതായും തെളിവുകൾ ലഭിച്ചിട്ടുണ്ട്. പള്ളി അധികൃതരുടെ പരാതിയെത്തുടർന്ന് മതവികാരം വ്രണപ്പെടുത്തിയതിനും അതിക്രമിച്ചു കയറിയതിനും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
What's Your Reaction?