30,000ലേറെ ഉദ്യോഗാർഥികൾക്ക് ആശ്വാസം; 289 പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബർ വരെ നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ 289 പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബർ 30 വരെ നീട്ടി. സർക്കാർ ശുപാർശ അംഗീകരിച്ചാണ് പി.എസ്.സി തീരുമാനം. ഇതോടെ 30,845 ഉദ്യോഗാർഥികൾക്ക് വലിയ ആശ്വാസമാകും.
2026 മേയ് 25നും ഓഗസ്റ്റ് 31നും ഇടയിൽ കാലാവധി അവസാനിക്കാനിരുന്ന വിവിധ റാങ്ക് ലിസ്റ്റുകൾക്കാണ് പുതുക്കിയ കാലാവധി ബാധകമാകുക. സംസ്ഥാനത്തെ 289 റാങ്ക് ലിസ്റ്റുകൾക്ക് ഈ ആനുകൂല്യം ലഭിക്കും.
പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുമെന്നത് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലെ പ്രധാന തീരുമാനങ്ങളിലൊന്നായിരുന്നു. മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. തുടർന്ന് ഇന്ന് ചേർന്ന പി.എസ്.സി യോഗം സർക്കാരിന്റെ ശുപാർശ അംഗീകരിച്ച് ഉത്തരവിറക്കുകയായിരുന്നു.
ഈ തീരുമാനത്തോടെ വിവിധ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ട ആയിരക്കണക്കിന് ഉദ്യോഗാർഥികൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയാണ് ഉയരുന്നത്.
What's Your Reaction?



