അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് ആയിരത്തിലധികം കുരുന്നുകൾ. ഇന്ന് വിദ്യാരംഭം. സംസ്ഥാനത്ത് ക്ഷേത്രങ്ങളിലും പ്രധാന എഴുത്തിനിരുത്തൽ കേന്ദ്രങ്ങളിലും വലിയ തിരക്കാണ് പുലർച്ചെ മുതൽ അനുഭവപ്പെടുന്നത്.
ഗുരുവിന്റെ മടിയിലിരുന്ന് തളികയിലെ അരിയിൽ ചൂണ്ടുവിരൽകൊണ്ട് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കുകയാണ്. ചില കുരുന്നുകൾ ചിരിച്ചുകൊണ്ടും ചില വിരുതർ കരഞ്ഞുകൊണ്ടുമാണ് ആദ്യാക്ഷരം കുറിച്ചത്.
ആരാധനാലയങ്ങൾക്കു പുറമേ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാധ്യമ സ്ഥാപനങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലുമെല്ലാം വിദ്യാരംഭ ചടങ്ങുകൾ ഇന്ന് നടക്കുകയാണ്. കേരളത്തിലെ വിഖ്യാത സരസ്വതീ ക്ഷേത്രങ്ങളായ കോട്ടയത്തെ പനച്ചിക്കാട് സരസ്വതി ക്ഷേത്രം, കൊല്ലത്തെ എഴുകോൺ മൂകാംബിക ക്ഷേത്രം, വടക്കൻ പറവൂരിലെ മൂകാംബിക സരസ്വതി ക്ഷേത്രം, തിരുവനന്തപുരത്തെ ആറ്റുകാൽ ഭഗവതി ക്ഷേത്രം, ചോറ്റാനിക്കര ദേവീ ക്ഷേത്രം, ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം അടക്കമുളള നിരവധി ക്ഷേത്രങ്ങളിലും തുഞ്ചൻ പറമ്പിലും വിദ്യാരംഭ ചടങ്ങുകൾ തുടരുകയാണ്.
സാംസ്കാരിക സംഘടനകളുടെയും പള്ളികളുടേയും നേതൃത്വത്തിലും വിദ്യാരംഭ ചടങ്ങുകൾ നടക്കുന്നുണ്ട്. വാദ്യ-നൃത്ത സംഗീത കലകൾക്ക് തുടക്കം കുറിക്കുന്നതും വിജയദശമി ദിനത്തിലാണ്. സാധാരണയായി വിദ്യാ ഭഗവതിയായ സരസ്വതിയെ പ്രാർഥിച്ച ശേഷം ‘ഓം ഹരിഃ ശ്രീ ഗണപതയേ നമഃ’ എന്ന് എഴുതിയാണ് വിദ്യാരംഭം നടത്താറുള്ളത്. മറ്റുള്ളവർ ഭഗവതിക്ക് മുൻപിൽ പൂജ വെച്ച തങ്ങളുടെ തൊഴിൽ വസ്തുക്കൾ എടുത്തു ഉപയോഗിച്ച് തുടങ്ങുന്നു. കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിലെ വിദ്യാരംഭം അതി പ്രസിദ്ധമാണ്. ധാരാളം മലയാളികളാണ് ഇതിൽ പങ്കെടുക്കുന്നത്. മൂകാംബികയിൽ വർഷം മുഴുവൻ വിദ്യാരംഭം നടക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
വിദ്യാരംഭം ഗണപതി പൂജയോടെയാണ് ആരംഭിക്കുന്നത്. തുടർന്ന് വിദ്യാഭഗവതിയായ സരസ്വതി ദേവിയെ സങ്കൽപ്പിച്ചു പ്രാർത്ഥന നടത്തുന്നു. ക്ഷേത്രങ്ങളിൽ പ്രത്യേക സരസ്വതി പൂജയും ഉണ്ടാകാറുണ്ട്. ഭഗവതി ക്ഷേത്രങ്ങളിൽ ഈ സമയം ദേവിയെ മഹാസരസ്വതിയായി ആരാധിക്കുന്നു. കുട്ടിയെ മടിയിൽ ഇരുത്തിയശേഷം ഗുരു സ്വർണമോതിരം കൊണ്ടു നാവിൽ "ഹരിഃ ശ്രീ" എന്നെഴുതുന്നു. ഹരി എന്നത് ദൈവത്തെയും ശ്രീ (ശ്രീ ഭഗവതി അഥവാ മഹാലക്ഷ്മി) എന്നത് അഭിവൃദ്ധിയെയും സമ്പത്തിനെയും സൂചിപ്പിക്കുന്നു. അതിനുശേഷം കുട്ടിയുടെ വലതു കയ്യിലെ ചൂണ്ടുവിരൽ കൊണ്ട് ധാന്യങ്ങൾ (പച്ചരി) നിറച്ച പാത്രത്തിൽ "ഓം ഹരിഃ ശ്രീ ഗണപതയേ നമഃ; അവിഘ്നമസ്തു; ശ്രീ ഗുരുഭ്യോ നമഃ" എന്ന് എഴുതിക്കുന്നു.
ധാന്യങ്ങൾ (പച്ചരി) നിറച്ച പാത്രത്തിൽ എഴുതുന്നത് അറിവ് ആർജിക്കുന്നതിനെയും പൂഴിമണലിൽ എഴുതുന്നത് അറിവ് നിലനിർത്തുന്നതിനെയും സൂചിപ്പിക്കുന്നു. അതിനാൽ കുട്ടികൾ അരിയിലും മുതിർന്നവർ പൂഴി മണലിൽ എഴുതി വിദ്യാരംഭം നടത്തുന്നതും കാണാം. കലാസാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും കുട്ടികളെ എഴുത്തിന് ഇരുത്താറുണ്ട്.