കൊച്ചി: നികുതി വെട്ടിച്ച് കടത്തിയ ആഡംബര വാഹനങ്ങൾ പിടിച്ചെടുത്തതിൽ ഊർജിത അന്വേഷണം തുടങ്ങി കസ്റ്റംസ് പ്രിവന്റിവ്. ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായി കസ്റ്റംസ് കേരളത്തിലെ 35 സ്ഥലങ്ങളിൽ പരിശോധന നടത്തിയെന്ന് കസ്റ്റംസ് കമ്മീഷ്ണർ ഡോ. ടി ടിജു പറഞ്ഞു.
സംഭവത്തിൽ അന്വേഷണം ഏറ്റെടുക്കാൻ മറ്റ് കേന്ദ്ര ഏജൻസികളും രംഗത്തെത്തി. തട്ടിപ്പിൽ വ്യാപക കള്ളപ്പണ ഇടപാടുകൾ നടന്നതായി കണ്ടെത്തിയതോടെ കേസ് ഇഡി ഏറ്റെടുക്കും. കൂടാതെ വ്യാജ രേഖകളുണ്ടാക്കിയെന്നത് സംസ്ഥാന പോലീസും ജിഎസ്ടി വെട്ടിപ്പ് കേന്ദ്ര ജിഎസ്ടി വിഭാഗവും അന്വേഷിക്കും.
രണ്ട് വര്‍ഷമായി തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. രജിസ്ട്രേഷന്‍ വ്യാജരേഖകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ ആര്‍മിയുടെവരെ രേഖകള്‍ വ്യാജമായി നിര്‍മിച്ചു. പലതിനും ഇന്‍ഷൂറന്‍സും ഫിറ്റ്നസും ഇല്ലായിരുന്നെന്നും കണ്ടെത്തി. വാഹനങ്ങളുടെ രജിസ്ട്രേഷൻ അടക്കമുള്ളവ റദ്ദാക്കാൻ അതാത് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകും. ഭൂട്ടാനിൽ നിന്നുള്ള ഇരുനൂറിലേറെ വാഹനങ്ങളാണ് കേരളത്തിൽ ഉള്ളത്.
നടന്‍ ദുൽഖർ സൽമാൻ ഉൾപ്പടെ വാഹന ഉടമകൾക്ക് ഉടൻ നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകും. നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മറ്റൊരാളുടെ പേരിലെന്നാണ് വിവരം. വാഹനത്തിന് ഫിറ്റ്‌നസ് ഇല്ലാത്തതിനാല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെയും നടപടിയുണ്ടാകും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ദുല്‍ഖര്‍ സല്‍മാന് കസ്റ്റംസ് ഇന്ന് സമന്‍സ് നല്‍കും.
വീട്ടിൽ നിന്ന് രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തതിൽ നടനും വാഹന ഡീലറുമായ അമിത് ചക്കാലക്കലിനെ ഇന്നലെ അർദ്ധ രാത്രി മുഴുവൻ കസ്റ്റംസ് ചോദ്യം ചെയ്തു. ഭൂട്ടാനില്‍ നിന്നും നികുതി വെട്ടിച്ച് കാറുകള്‍ ഇന്ത്യയിലെത്തിച്ചെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ നുംഖോര്‍ എന്ന പേരില്‍ സംസ്ഥാന വ്യാപക പരിശോധന നടന്നത്.