ഗണേഷ് കുമാറിനെ തിരുത്തി മുഖ്യമന്ത്രി; സ്വകാര്യ ബസ് റൂട്ടുകളിൽ നിന്ന് കെ.എസ്.ആര്‍.ടി.സി പിന്മാറില്ല, തീരുമാനം മാറ്റി മന്ത്രി
റോഡുകളിൽ ബസുകൾ തമ്മിലുള്ള അനാരോഗ്യകരമായ മത്സരം ഒഴിവാക്കണമെന്ന കാര്യത്തിൽ വിയോജിപ്പില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
കെ.എസ്.ആര്‍.ടി.സി ബസുകളുടെ റൂട്ടുകൾ സംബന്ധിച്ച് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ സ്വീകരിച്ച നിലപാട് സർക്കാർ നയമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. ഇതോടെ തന്റെ മുൻ തീരുമാനം തിരുത്താൻ ഗതാഗത മന്ത്രി നിർബന്ധിതനായി. സ്വകാര്യ ബസുകളുമായി കെ.എസ്.ആര്‍.ടി.സി മത്സരിക്കേണ്ടതില്ലെന്ന മന്ത്രിയുടെ പ്രഖ്യാപനത്തിനാണ് മുഖ്യമന്ത്രി തടയിട്ടത്:
സ്വകാര്യ ബസുകൾ ഓടുന്ന റൂട്ടുകളിൽ നിന്ന് കെ.എസ്.ആര്‍.ടി.സിയെ പൂർണ്ണമായും ഒഴിവാക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബസുകൾ പിൻവലിക്കുന്നത് സർക്കാരിന്റെ നയമല്ല. കെഎസ്ആർടിസി സർവീസുകൾ ഒഴിവാക്കുന്നത് ജനങ്ങൾക്ക് വലിയ പ്രയാസമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റോഡുകളിൽ ബസുകൾ തമ്മിലുള്ള അനാരോഗ്യകരമായ മത്സരം ഒഴിവാക്കണമെന്ന കാര്യത്തിൽ വിയോജിപ്പില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്വകാര്യ ബസ് സർവീസ് ഒരു ബിസിനസ്സാണ്, അവരെ ബുദ്ധിമുട്ടിക്കാൻ ഉദ്ദേശിക്കുന്നില്ല. അതുകൊണ്ട് കെ.എസ്.ആര്‍.ടി.സി ബസുകൾ സ്വകാര്യ ബസുകളില്ലാത്ത റൂട്ടുകളിലേക്ക് മാറ്റുമെന്നും ഇതിലൂടെ വരുമാനം വർദ്ധിപ്പിക്കുമെന്നുമായിരുന്നു ഗണേഷ് കുമാർ പറഞ്ഞിരുന്നത്.
മുഖ്യമന്ത്രിയുടെ പരസ്യമായ തിരുത്തലിന് പിന്നാലെ മന്ത്രി തന്റെ നിലപാട് മാറ്റി. കെ.എസ്.ആര്‍.ടി.സി ബസുകൾ ഒരു റൂട്ടിൽ നിന്നും പിൻവലിക്കില്ലെന്നും റോഡിലെ മത്സര ഓട്ടം ഒഴിവാക്കണമെന്ന് മാത്രമാണ് താൻ ഉദ്ദേശിച്ചതെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
സ്വകാര്യ ബസ് ഉടമകളെ സഹായിക്കുന്ന രീതിയിലാണ് ഗതാഗത മന്ത്രിയുടെ നീക്കമെന്ന് പ്രതിപക്ഷം ഉൾപ്പെടെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ട് സർക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്.
What's Your Reaction?

