അടിമാലി മണ്ണിടിച്ചിൽ: മണ്ണിനടിയിൽ കുടുങ്ങിയ ദമ്പതികളില്‍ ഭാര്യയെ പുറത്തെടുത്തു: ഭർത്താവ് മരിച്ചു
പുലര്‍ച്ചെ 3:10നാണ് സന്ധ്യയെ പുറത്തെത്തിക്കുന്നത്
ഇടുക്കി: അടിമാലിയില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയ ദമ്പതികളില്‍ ഭാര്യയെ പുറത്തെടുത്തു. ലക്ഷംവീട് നിവാസി സന്ധ്യയെയാണ് പുറത്തെടുത്തത്. ദമ്പതികളെ പുറത്തെടുക്കാന്‍ അഗ്‌നിരക്ഷാ സേനയും എന്‍ഡിആര്‍എഫും നാട്ടുകാരും ചേര്‍ന്ന് നടത്തിയത് മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനമായിരുന്നു.
പുലര്‍ച്ചെ 3:10നാണ് സന്ധ്യയെ പുറത്തെത്തിക്കുന്നത്. സന്ധ്യയെ ആദ്യം അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ശുശ്രൂഷ നല്‍കിയതിനു ശേഷം സന്ധ്യയെ പുലര്‍ച്ചെ നാല് മണിയോടെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.
സന്ധ്യയുടെ കാലിന് സാരമായ പരിക്കേറ്റിട്ടുണ്ട്. കാലിലെ രക്തക്കുഴലിന് ക്ഷതം സംഭവിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇടത്തേ കാലിലേക്ക് രക്തയോട്ടം വളരെ കുറവെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്.
അതേസമയം ദമ്പതികളില്‍ ഭര്‍ത്താവിൻ്റെ മരണം സ്ഥിരീകരിച്ചു. എന്‍ഡിആര്‍എഫും ഫയര്‍ഫോഴും നടത്തിയ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ബിജുവിനെ പുറത്തെത്തിച്ചത്. ആറര മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ 4.50 ഓടെയാണ് ബിജുവിനെ പുറത്തെത്തിച്ചത്. അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
അടിമാലി ലക്ഷംവീട് ഉന്നതിയില്‍ ശനിയാഴ്ച രാത്രി 10.20ഓടെയാണ് മണ്ണിടിച്ചിലുണ്ടായത്. അടിമാലിയിലെ ലക്ഷം വീട് ഉന്നതിയിലെ ഇരുപതോളം വീടുകള്‍ക്കു മുകളിലേക്ക് നാല്‍പത് അടി ഉയരമുള്ള മണ്‍ തിട്ട ഇടിഞ്ഞു വീഴുകയായിരുന്നു. നിരവധി വീടുകള്‍ മണ്ണിനടിയിലായി.
What's Your Reaction?

